pulsar-suni

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസ‌ർ സുനിയെ പ്രത്യേക അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തു. സംവിധായകൻ ബാലചന്ദ്രകുമാ‌റിന്റെ വെളിപ്പെടുത്തൽ സുനി സ്ഥിരീകരിച്ചതായാണ് സൂചന. ഇന്നലെ ഉച്ചയോടെയാണ് ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിക്ക് സമീപത്തെ എറണാകുളം സബ് ജയിലിലെത്തി പൾസറിനെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്.

രണ്ട് തവണ പൾസ‌ർ സുനിയെ ജയിലിലെത്തി കണ്ട ശേഷം മാതാവ് ശോഭന സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്നത് ശരിയാണെന്നും ,ദിലീപ് പറഞ്ഞിട്ടാണ് നടിയെ ആക്രമിച്ചതെന്ന് സുനി പറഞ്ഞതായും അറിയിച്ചിരുന്നു. ചില കാര്യങ്ങൾ സുനിക്ക് പറയാനുണ്ടെന്നും ,ഉടനെ മകൻ ഇക്കാര്യം അറിയിക്കുമെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ നിജസ്ഥിതി തേടിയാണ് അന്വേഷണസംഘം ജയിലിലെത്തിയത്.

പൾസർ സുനിയെ ദിലീപിന്റെ വീട്ടിലടക്കം കണ്ടിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപാണ് സുനിയെ പരിചയപ്പെടുത്തിയത്. സുനിയെ തനിക്ക് അറിയാമെന്ന കാര്യം പുറത്തുപറയരുതെന്ന് ദിലീപ് പറഞ്ഞിരുന്നു... എന്നെല്ലാമായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടിട്ടുണ്ടെന്ന് സഹതടവുകാരനായ ജിൻസണുമായുള്ള ഫോൺ സംഭാഷത്തിൽ സുനി സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥർ സുനിയോട് ആരാഞ്ഞു. നേരത്തെ പൾസർ സുനി ജയിലിൽവച്ച് എഴുതിയ കത്തുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ സെല്ലിൽ പരിശോധന നടത്തിയിരുന്നു.

 സംവിധായകരുടെ മൊഴിയെടുത്തു

നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകരായ ബാലചന്ദ്രകുമാറിനെയും ബൈജു കൊട്ടാരക്കരയെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാർ ചല ശബ്ദ സാമ്പിളുകൾ അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. ശാസ്ത്രീയ പരിശോധനയിൽ ഈ ശബ്ദ സാമ്പിളുകളുടെ ശബ്ദം ഉയർത്തി. ഇത് സ്ഥിരീകരിക്കാനാണ് ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയത്. ദിലീപിന്റെ മൊഴിയും ചില രേഖകളും ബാലചന്ദ്രകുമാറിനെ കാണിച്ച് വ്യക്തത തേടിയിട്ടുണ്ട്. ദിലീപിന് ജാമ്യം ലഭിക്കാൻ ഉന്നതന്റെ മകൻ ഒരു സംവിധായകനോട് പത്ത് കോടി രൂപ ആവശ്യപ്പെട്ടെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബൈജു കൊട്ടാരക്കയെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയത്.