വൈപ്പിൻ: കടലിലെയും കായലിലെയും മത്സ്യ ലഭ്യത കുറഞ്ഞതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. കഴിഞ്ഞ രണ്ട് മാസമായി ഭൂരിപക്ഷം മത്സ്യതൊഴിലാളികളും ജോലിക്ക് പോകാത്തതിനാൽ കുടുംബങ്ങൾ പട്ടിണിയിലാണ്. ചിലർ മറ്റ് പണികൾ തേടി പോയി തുടങ്ങി.
കാലാവസ്ഥാ വ്യതിയാനം, കടൽ അരിച്ചു പെറുക്കിയുള്ള വൻകിട മീൻ പിടിത്ത യാനങ്ങളുടെ മത്സ്യബന്ധന രീതി, ആഴക്കടൽ യാനങ്ങളുടെ തീരക്കടൽ മീൻ പിടിത്തം, കായലിൽ അടിഞ്ഞുകൂടിയ പായൽ, പായൽ അടിത്തട്ടിൽ വീണ് ചീഞ്ഞതിനാലുള്ള മത്സ്യ ശോഷണം തുടങ്ങി നിരവധി പ്രശ്‌നങ്ങളുടെ ഫലമാണീ ദുരവസ്ഥ.
ഡിസംബർ, ജനുവരി മാസങ്ങളിൽ കടലിൽ നിന്ന് ചാള, അയില എന്നിവ ലഭിക്കാറുള്ളതാണ്. വള്ളങ്ങൾക്ക് ഇത്തവണ ഇവയൊന്നും ലഭിക്കുന്നില്ല. നീട്ടുവലക്കാർക്ക് മാത്രമാണ് ചെറിയ തോതിൽ ചാളയും അയിലയും ലഭിക്കുന്നത്.
ഒരാൾ മാത്രമുള്ള വഞ്ചി മുതൽ 50 പേരുള്ള വള്ളങ്ങൾ വരെ മത്സ്യബന്ധനത്തിന് പോകുന്നവരാണ് പരമ്പരാഗത തൊഴിലാളികൾ. പത്ത് വർഷത്തിലധികം പഴക്കമുള്ള മരയാനങ്ങൾ കണ്ടം ചെയ്യണമെന്നാണ് പുതിയ നിയമം. ഇതിലധികം പഴക്കമുള്ളവ റിപ്പയർ ചെയ്ത് പുതിയ ലുക്കിൽ ഇറക്കി പുതിയതെന്ന് അവകാശപ്പെട്ട് ലൈസൻസ് തരമാക്കാൻ ഫിഷറീസ് ഉദ്യോഗസ്ഥർ ഉപദേശിക്കുന്നുണ്ട്. പുതിയ ലൈസൻസിന് തൊഴിലാളികൾ പണം അടക്കണം. ലൈസൻസ് ഫീസും ഇപ്പോൾ വർദ്ധിപ്പിച്ചിട്ടുണ്ട്. രെജിസ്‌ട്രേഷൻ, സെക്യൂരിറ്റി ഫീസുകൾ 15000 രൂപയാണ്. 2000 മാർച്ച് മാസത്തിന് ശേഷം ലൈസൻസ് ഫീസ് യാനങ്ങളുടെ വലിപ്പമനുസരിച്ച് 9000 മുതൽ 55000 രൂപ വരെയാക്കി വർദ്ധിപ്പിച്ചു.
മണ്ണെണ്ണ പെർമിറ്റ്
വെട്ടിച്ചുരുക്കി
മോട്ടോർ ഘടിപ്പിച്ച സാധാരണ യാനങ്ങൾക്ക് ഒരു ദിവസം 50 മുതൽ150 വരെ ലിറ്റർ മണ്ണെണ്ണ വേണം. എന്നാൽ മണ്ണെണ്ണ പെർമിറ്റ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വെട്ടി കുറച്ചു. ഇപ്പോൾ 60 ലിറ്റർ മണ്ണെണ്ണ മാത്രമാണ് പ്രതിമാസം ലഭിക്കുന്നത്. മുൻപ് ഇത് 600 ലിറ്റർ വരെയായിരുന്നു. മത്സ്യഫെഡ് വഴി താലൂക്ക് സപ്ലൈ ഓഫീസർ അനുവദിക്കുന്ന മണ്ണെണ്ണയ്ക്ക് ലിറ്ററിന് 59 രൂപയാണ്. ആവശ്യത്തിനുള്ള മണ്ണെണ്ണ പൊതുമാർക്കറ്റിൽ നിന്ന് വലിയ വില കൊടുത്ത് വാങ്ങണം.
കൊവിഡിനെ തുടർന്ന് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായപ്പോൾ മത്സ്യതൊഴിലാളികൾക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും മരവിപ്പിച്ചിട്ടുണ്ട്. പ്രതിവർഷമുള്ള പ്രൊഡക്ഷൻ ഇൻസെന്റിവ്, മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങിയവയൊന്നും ഇപ്പോൾ ലഭിക്കുന്നില്ല.