കൊച്ചി: കേരളത്തിന്റെ പൊതുവായ വികസനകാര്യങ്ങളിൽ രാഷ്ട്രീയസമവായം ഉണ്ടാക്കണമെന്ന് കേരള മാനേജ്മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച 'കേരളത്തിന്റെ വികസന പ്രഹേളിക' പാനൽ ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ആരെയും വെറുപ്പിക്കേണ്ടെന്ന നിലപാട് സർക്കാരുകൾ സ്വീകരിക്കുന്നതോടെ പദ്ധതികൾ നടപ്പാക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ഹഡ്‌കോ മുൻ ചെയർമാൻ വാസുദേവൻ സുരേഷ്, ടെക്‌നോപാർക്ക് സ്ഥാപക സി.ഇ.ഒ ജി. വിജയരാഘവൻ, ഐ.ബി.എസ് സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയർമാനുമായ വി .കെ മാത്യൂസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കെ.എം.എ പ്രസിഡന്റ് ആർ. മാധവചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. മുൻ പ്രസിഡന്റ് എസ്.ആർ. നായർ മോഡറേറ്ററായി.
വികസന കാര്യത്തിൽ കേരളത്തിന് കൃത്യവും വ്യക്തവുമായ ലക്ഷ്യമുണ്ടാകണമെന്ന് വി.കെ. മാത്യൂസ് പറഞ്ഞു. വികസനത്തെ എതിർക്കുന്നവർക്ക് മുന്നിൽ സർക്കാരുകൾ വഴങ്ങിക്കൊടുക്കുകയാണെന്ന് ജി. വിജയരാഘവൻ ചൂണ്ടിക്കാട്ടി. മലയാളികളുടെ കഴിവും അർപ്പണബോധവും സ്വന്തം നാട്ടിൽ വിനിയോഗിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്ന് സുരേഷ് വാസുദേവൻ ചൂണ്ടിക്കാട്ടി. കെ.എം.എ ഓണററി സെക്രട്ടറി ജോമോൻ കെ.ജോർജ് നന്ദി പറഞ്ഞു.