
പറവൂർ: റിപ്പർ ജയാനന്ദന്റെ കൊലക്കത്തിയിൽനിന്ന് 15വർഷം മുമ്പ് രക്ഷപെട്ട നെടുമ്പിള്ളിൽ രാമകൃഷ്ണൻ (76) നിര്യാതനായി. രാമകൃഷ്ണന്റെ ഭാര്യ ബേബി 2006 ഒക്ടോബർ ഒന്നിന് നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
സംഭവദിവസം പുലർച്ചെ ഒരുമണിയോടെ ഇവരുടെ വീട്ടിലെത്തിയ ജയാനന്ദൻ ഭർത്താവിനൊപ്പം ഉറങ്ങുകയായിരുന്ന ബേബിയെ തലയിൽ മാരകമായ ആയുധം ഉപയോഗിച്ച് വെട്ടി പരിക്കേല്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൈത്തണ്ട അറുത്തുമാറ്റി സ്വർണവളകൾ കവർന്നു. ആക്രമണം ചെറുക്കാനെത്തിയ രാമകൃഷ്ണന്റെ തലയിൽ വെട്ടി പരിക്കേൽപ്പിച്ചു. ഇരുവരും മരിച്ചെന്ന് കരുതിയാണ് ജയാനന്ദൻ സ്ഥലംവിട്ടത്.
ബേബി പതിവായി ക്ഷേത്രത്തിൽ പോകുമായിരുന്നു. കാണാതിരുന്നതിനാൽ ഇവരുടെ വീട്ടിൽ അന്വേഷിച്ചെത്തിയ ബന്ധു ജനൽ തുറന്നപ്പോഴാണ് സംഭവം കണ്ടത്. തുടർന്നാണ് പുറംലോകമറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണൻ ഒരുമാസത്തോളം അബോധാവസ്ഥയിലായിരുന്നു. പിന്നീടാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. എന്നാൽ, തുടർചികിത്സ വർഷങ്ങളോളം നീണ്ടു. ഇളയമകന്റെ ഒപ്പമായിരുന്നു താമസം. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് വിട്ടുമാറാത്തതിനാൽ ഇദ്ദേഹം മിക്കവാറും വീട്ടിൽത്തന്നെയാണ് കഴിഞ്ഞിരുന്നത്. കേസിൽ വിചാരണക്കോടതി ജയാനന്ദന് വധശിക്ഷ വിധിച്ചിരുന്നു. രാമകൃഷ്ണന്റെ സംസ്‌കാരം നടത്തി. മക്കൾ: പ്രമോദ് (അമേരിക്ക), പ്രശാന്ത്. മരുമക്കൾ: ഗായത്രി (അമേരിക്ക), അഞ്ജന.