കൊച്ചി: ഫുട്പാത്തിൽ നിരനിരയായി ബൈക്കുകൾ, നോ പാർക്കിംഗിൽ കാറുകൾ, പിന്നെ ലക്കും ലഗാനുമില്ലാതെ വാഹനങ്ങളുടെ പാച്ചിലും ഒപ്പം ഗതാഗതക്കുരുക്കും... കൊച്ചിയിലെ പതിവ് കാഴ്ചകളാണിവ. കൺമുന്നിൽ ഇത്തരം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടിട്ടും പരാതിപ്പെടാനുള്ള നൂലാമാലകളെ ഓർത്ത് പിന്തിരിഞ്ഞിട്ടുണ്ടോ ? എന്നാൽ ട്രാഫിക് നിയമലംഘങ്ങളിൽ പരാതിപ്പെടാൻ ഇനി ഒറ്റ ക്ലിക്ക് മാത്രം മതി. ഗതാഗതകുരുക്കിനും ട്രാഫിക് നിയമലംഘങ്ങൾക്കും ഉടനടി പരിഹാരം കണ്ടെത്താനുള്ള കൊച്ചി സിറ്റി പൊലീസിന്റെ 'ട്രാഫിക് ഐ' എന്ന പദ്ധതിക്ക് തുടക്കമായി. പൊതുജനങ്ങളുടെ കണ്ണിൽപ്പെടുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ ചിത്രങ്ങളെടുത്ത് വാട്‌സ്ആപ്പ് ട്രാഫിക് ഐ നമ്പറിലേക്ക് അയച്ചാൽ മാത്രം മതി. നടപടി ഉറപ്പ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജുവിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടൻ ശ്രീനിവാസൻ നിർവഹിച്ചു. ഡെപ്യൂട്ടി കമ്മിഷണർ വി.യു കുര്യാക്കോസ്, ഡി.സി.പി അഡ്മിൻ ഇ.എൻ. സുരേഷ്, ട്രാഫിക് വെസ്റ്റ് എ.സി.പി വിനോദ് പിള്ള, ഈസ്റ്റ് ട്രാഫിക് എ.സി.പി ഫ്രാൻസിസ് ഷെൽബി, തൃക്കാക്കര, എറണാകുളം, മട്ടാഞ്ചേരി, കൊച്ചി സിറ്റി അസി. കമ്മിഷണറുമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വാട്സ്ആപ്പ് നമ്പറൽ പരാതി നൽകിയാൽ ഉടനടി നടപടി ഉണ്ടാകും. പദ്ധതിക്ക് ജനങ്ങളുടെ പിന്തുണ ഉണ്ടാകണം

സി.എച്ച്. നാഗരാജു

കമ്മിഷണർ

കൊച്ചി സിറ്റി പൊലീസ്