കളമശേരി: സംസ്ഥാനത്ത് ഒന്നാംഗ്രേഡിൽ നിൽക്കുന്നതും ഏറ്റവും കൂടുതൽ നികുതി വരുമാനവുമുള്ള സംസ്ഥാനത്തെ പ്രമുഖ നഗരസഭകളിലൊന്നായ കളമശേരിയിൽ പൊതു ടോയ്ലറ്റുകളില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. വ്യവസായ തലസ്ഥാനമെന്നറിയപ്പെടുന്ന എറണാകുളം ജില്ലയിൽ എച്ച്.എം.ടിയെന്ന പൊതുമേഖലാസ്ഥാപനവും അപ്പോളോ ടയേഴ്സ്, കാർ ബോറാണ്ടം ഉൾപ്പെടെ നിരവധി വ്യാപാര വ്യവസായ സ്ഥാപനങ്ങളും ഗവ.മെഡിക്കൽ കോളേജ് ആശുപത്രി, കാൻസർ സെന്റർ, കൊച്ചി സർവ്വകലാശാല, നാഷണൽ ലാ യൂണിവേഴ്സിറ്റി, ഐ.സാറ്റ്, കിൻഫ്രാ, ഗവ.പോളിടെക്നിക്കുകൾ, ഐ.ടി.ഐകൾ, എൽ.ബി.സെന്റർ, ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ, ചെറുതും വലുതുമായ സംരംഭങ്ങൾ, അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ, ബാങ്കുകൾ എന്നിവയെല്ലാം പ്രവർത്തിക്കുന്ന നഗരത്തിലാണ് ഈ ദുരവസ്ഥ.
2021-22 ബഡ്ജറ്റിൽ എച്ച്.എം.ടി.ജംഗ്ഷനിലും മെഡിക്കൽ കോളേജിലും പബ്ളിക് കംഫർട്ട് സ്റ്റേഷനും അനുബന്ധിച്ചുള്ള ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രങ്ങൾക്കുമായി തനതു ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയും നഗരസഭ പ്ലാൻ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല. ആഴ്ചകൾക്കു മുമ്പ് മൺകട്ട ഇടിഞ്ഞുവീണ് ലോറി ഡ്രൈവർ മരിക്കാനിടയായ സംഭവത്തിന് കാരണവും പൊതുടോയ്ലറ്റിന്റെ അഭാവമാണ്.