mg2
എം.ജി. റോഡ് മെട്രോ സ്റ്റേഷനിലെ മഹാത്മഗാന്ധി ചിത്രങ്ങൾ

കൊച്ചി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളുടെ മിഴിവുറ്റ ദൃശ്യങ്ങൾക്ക് കൊച്ചി മെട്രോ എം.ജി റോഡ് സ്റ്റേഷൻ വേദിയാകുന്നു. ചുവർചിത്രങ്ങളിലൂടെ ഉൾപ്പെടെയാണ് ഗാന്ധിജിയുടെ ജീവിതം വരച്ചിടുന്നത്.

വിദ്യാർത്ഥിയായ കാലത്തെ ചിത്രം, ലണ്ടൻ ജീവിതം, വല്ലഭായ് പട്ടേലിനും രവീന്ദ്രനാഥ ടാഗോറിനും മൗലാന അബ്ദുൾ കലാം ആസാദിനും ജവഹർലാൽ നെഹ്‌റുവിനൊപ്പമുള്ള അപൂർവ്വ ചിത്രങ്ങൾ, മധുരയിലെ പ്രസംഗം, ഉപ്പുസത്യാഗ്രഹം, ലണ്ടനിലെ വട്ടമേശ സമ്മേളനം തുടങ്ങി ഗാന്ധിജിയുടെ ജീവിതത്തിലെയും സ്വാതന്ത്ര്യസമരകാലത്തെയും സുപ്രധാന സംഭവങ്ങളെല്ലാം മെട്രോസ്റ്റേഷനിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ഭിന്നഭാവങ്ങൾ നിഴലിക്കുന്ന വിവിധ കാലഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന വർണ്ണശബളമായ ചുവർചിത്രം വരച്ചത് ധ്രുവ ആർട്‌സിലെ കലാകാരന്മാരാണ്. സംഭവബഹുലമായ ഒരു കാലഘട്ടത്തെ തന്നെയാണ് മെട്രോ യാത്രികർക്കും പൊതുജനങ്ങൾക്കും വീക്ഷിക്കാൻ കഴിയുന്ന വിധത്തിൽ ദൃശ്യവത്കരിക്കുന്നത്.
എം.ജി റോഡ് സ്റ്റേഷനോട് ചേർന്നുള്ള വാണിജ്യമേഖലയായ കെട്ടിടത്തിന് ബാപ്പു കോംപ്ലക്‌സ് എന്നും പേരിട്ടു. മഹാത്മാഗാന്ധി എന്ന പേര് ചുരുക്കിയാണ് എം.ജി റോഡെന്ന് കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡിന് പേരിട്ടിട്ടുള്ളത്. എം.ജി റോഡിന്റെ വടക്കേയറ്റത്ത് മഹാത്മാഗാന്ധിയുടെ അർദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ഗാന്ധിഭവന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിരുന്ന പ്രതിമ മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കാൻ ശ്രമമുണ്ടായിരുന്നു. അന്നത്തെ കളക്ടർ ഇടപെട്ടാണ് പ്രതിമ നീക്കുന്നത് തടഞ്ഞത്. മെട്രോ നിർമ്മാണം പൂർത്തിയായശേഷം പ്രതിമ വീണ്ടും സ്ഥാപിക്കുകയായിരുന്നു. കച്ചേരിപ്പടിയിലെ ഗാന്ധിഭവൻ മന്ദിരത്തിന്റെ ഒരുഭാഗം മെട്രോ നിർമ്മിക്കാൻ വേണ്ടി പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു.