കളമശേരി: ഫാക്ടിന്റെ കോർപ്പറേറ്റ് ഓഫീസിലേക്ക് ഫെബ്രുവരി 1 ന് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു), വർക്കേഴ്സ് ഓർഗനൈസേഷൻ എന്നീ സംഘടനാ നേതാക്കളായ കെ.ചന്ദ്രൻ പിള്ളയും ജോർജ് തോമസും അറിയിച്ചു. ഇരുസംഘടനകളും നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹം 86 ദിവസം പിന്നിട്ടു. വേതന കരാറിന്റെ കാലാവധി 61 മാസം പിന്നിട്ടിട്ടും 33 തവണ ചർച്ചകൾ നടത്തിയിട്ടും പരിഹാരമാകാത്തതിനെ തുടർന്നാണ് സമരം. തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ കരാറിൽ നിന്ന് ഒഴിവാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിഷേധ മാർച്ചിൽ തുടർസമരങ്ങൾ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികളായ പി.എസ്.അഷറഫ്, എം.എം.ജബ്ബാർ, ഷിനിൽ വാസ് എന്നിവർ വ്യക്തമാക്കി.