
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന ആറു മൊബൈൽ ഫോണുകൾ നാളെ രാവിലെ 10.15 മുമ്പ് മുദ്രവച്ച പെട്ടിയിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. ഫോറൻസിക് പരിശോധനയ്ക്കായി ഏത് ഏജൻസിക്ക് നൽകണമെന്നതടക്കമുള്ള കാര്യങ്ങൾ നാളെ പരിഗണിക്കുമെന്ന് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് വ്യക്തമാക്കി.
ഉപഹർജിയിലൂടെ ഏഴ് ഫോണുകളാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. ദിലീപിന്റേതെന്നു ചൂണ്ടിക്കാട്ടിയ നാലു ഫോണുകളിൽ ഒന്ന് ഏതു കമ്പനിയുടേതാണെന്നുപോലും വ്യക്തമാക്കിയിട്ടില്ലെന്നും അങ്ങനെയൊന്നിനെക്കുറിച്ച് അറിയില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള വാദിച്ചു. അന്വേഷണ സംഘം നേരത്തെ ഇത് ആവശ്യപ്പെട്ടിരുന്നില്ലെന്നും ബോധിപ്പിച്ചു. തുടർന്നാണ് ഇതൊഴികെയുള്ളവ ഹാജരാക്കാൻ ഉത്തരവിട്ടത്.
ഫോറൻസിക് പരിശോധനക്കായി മുംബയിൽ നൽകിയ ഫോണുകൾ എത്തിക്കാൻ ചൊവ്വാഴ്ച വരെ സമയം ദിലീപ് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. മൊബൈലുകൾ കേരളത്തിലെ ഫോറൻസിക് ലാബിൽ നൽകരുതെന്നും അവർ പൊലീസിനൊപ്പമാണെന്നും ഹർജിക്കാരൻ പറഞ്ഞു.
ഭാര്യയുമായും അഭിഭാഷകരുമായും സംസാരിച്ചതിന്റെ വിവരങ്ങൾ ഉള്ളതിനാൽ ഫോൺ ആവശ്യപ്പെടുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ദിലീപ് വാദിച്ചിരുന്നു. നിർണ്ണായക തെളിവായ ഫോണുകൾ ആവശ്യപ്പെടുന്നതു നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകരുമായി സംസാരിച്ചതിന് നിയമപരമായ സംരക്ഷണം (പ്രിവിലേജ്) ലഭിക്കുമെന്നും വ്യക്തമാക്കി.
ഐ ഫോണും വിവോ ഫോണും
ദിലീപ് ഹാജരാക്കേണ്ടത് രണ്ട് ഐ ഫോണും ഒരു വിവോ ഫോണും. ഐ.എം.ഇ.ഐ നമ്പർ മാത്രം പരാമർശിച്ച ഫോൺ ഏതെന്ന് വ്യക്തമല്ലാത്തതിനാൽ കോടതി തത്ക്കാലം ഒഴിവാക്കി.
സഹോദരൻ അനൂപ് ഹാജരാക്കേണ്ടത് ഹുവാവി-ഹോണർ ഫോൺ, റെഡ് മി ഫോൺ. നേരത്തെ ക്രൈംബ്രാഞ്ച് ഒരു ഫോൺ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്.
സഹോദരി ഭർത്താവ് സുരാജ് ഹാജരാക്കേണ്ടത് ഹുവാവി ഫോൺ. ക്രൈം ബ്രാഞ്ച് നോട്ടീസിൽ ഈ ഫോൺ ആവശ്യപ്പെട്ടിരുന്നില്ലെന്ന് ദിലീപ് വാദിച്ചു