
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ പുറത്തു വിട്ടു.
ദിലീപ് പറഞ്ഞത് ശാപവാക്കുകൾ മാത്രമാണെന്നും ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നുമുള്ള വാദത്തിന്റെ മുനയൊടിച്ചാണ് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ടി. എ. ഷാജി പുതിയ തെളിവുകൾ ഹൈക്കോടതിയിൽ വിശദീകരിച്ചത്. ഇവ സാധൂകരിക്കാൻ പ്രതികളുടെ മൊബൈൽ ഫോണുകളുടെ പരിശോധന അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രോസിക്യൂഷൻ
വാദം
2017 ഡിസംബറിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവർ എറണാകുളം എം.ജി റോഡിലുള്ള മേത്തർ ഹോം ഫ്ളാറ്റിൽ ചർച്ച നടത്തി
2018 മേയിൽ ആലുവ പൊലീസ് ക്ളബിനടുത്തു കൂടി ദിലീപും മറ്റു പ്രതികളും വാഹനത്തിൽ പോകുമ്പോൾ വാഹനത്തിന്റെ വേഗം കുറച്ച് ആക്രമിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു
ആലുവ സ്വദേശി ശരത്തും സിനിമാ നിർമ്മാതാവായ പ്രവാസി മലയാളിയും തമ്മിലുള്ള തർക്കത്തിൽ ഇക്കാര്യം പറയുന്നുണ്ട്.
ദിലീപിന്റെ വീട്ടിലെ ജീവനക്കാരനായിരുന്ന ദാസന്റെ മൊഴിയുണ്ട്
ഗൂഢാലോചന സംബന്ധിച്ച് സലിം എന്നൊരാളുടെ മൊഴിയുണ്ട്
പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈലുകൾ പിടിച്ചെടുക്കാൻ കഴിയും.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ പ്രതികൾ ഒരേസമയം മൊബൈലുകൾ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണ്.
പ്രതികളെ ചോദ്യം ചെയ്തതിലും തുടരന്വേഷണത്തിലും ഒട്ടേറെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് അർഹതയില്ല.
കേരളത്തിന് പുറത്ത് ഫോണുകൾ പരിശോധിക്കണമെന്നതടക്കം പ്രതികൾ ആവശ്യപ്പെടുന്നു. പ്രതികൾ തന്നെ അന്വേഷണത്തിന് വ്യവസ്ഥകളുണ്ടാക്കുന്നു. ഏതെങ്കിലും പ്രതിക്ക് ഇങ്ങനെ അവസരം ലഭിച്ചിട്ടുണ്ടോ?