
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത് തനിക്കെതിരെ തെളിവുണ്ടാക്കാനാണ് വധ ഗൂഢാലോചനയെന്ന പുതിയ കള്ളക്കേസെന്ന് ദിലീപ്. കേസിൽ കൂട്ടുപ്രതികളുടെ മൊഴിയല്ലാതെ തനിക്കെതിരെ തെളിവുകളില്ല. ഈ സാഹചര്യത്തിൽ വിചാരണ നീട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ നാടകമെന്നും ദിലീപ് ആരോപിച്ചു.
പൊലീസും മാദ്ധ്യമങ്ങളും വേട്ടയാടുകയാണ്. വധഗൂഢാലോചന നടത്തിയെന്ന പരാതി പൊലീസല്ല, ക്രൈംബ്രാഞ്ച് നേരിട്ട് അന്വേഷിക്കുന്ന രീതിയാണ്. പരാതിക്കാരനും അന്വേഷണ സംഘവുമൊക്കെ ക്രൈംബ്രാഞ്ചാണ്. ഈ സാഹചര്യത്തിൽ ദിലീപിന് നീതി ഉറപ്പാക്കാനാണ് മൊബൈലുകൾ മുംബയിലെ ഏജൻസിക്ക് പരിശോധനയ്ക്കായി നൽകിയതെന്ന് അഭിഭാഷകൻ വിശദീകരിച്ചു. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ ഫോണിലുണ്ട്. ഇതു വീണ്ടെടുക്കാനാണ് മൊബൈലുകൾ നൽകിയത്. ദിലീപിന്റെ നിരപരാധിത്വം തെളിയിക്കാൻ ആകെയുള്ള തെളിവുകളാണിവ. കേസിന്റെ പേരിൽ ഇവ പിടിച്ചെടുത്തു നശിപ്പിച്ചാൽ നീതി നിഷേധിക്കലാകുമെന്നും അഭിഭാഷകൻ വാദിച്ചു.
ദിലീപിന്റെ വാദം
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഡിസംബർ 29ന് അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും തുടരന്വേഷണവും വരുന്നത്.
തനിക്കെതിരെ തെളിവുണ്ടാക്കാൻ കൂടുതൽ സമയം വേണമെന്നതിനാലാണ് തുടരന്വേഷണം നടത്തുന്നത്.
വിചാരണ നീട്ടാൻ പ്രോസിക്യൂഷൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിചാരണക്കോടതി ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന് വ്യക്തമാക്കി തള്ളി. ഇതിനായി വിചാരണക്കോടതി ജഡ്ജിയെ സമ്മർദ്ദത്തിലാക്കുന്ന നടപടിയാണ് അന്വേഷണ സംഘത്തിന്റേത്.
നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് അന്വേഷണോദ്യോഗസ്ഥന്റെ കൈവശമുണ്ട്. തന്നെ കസ്റ്റഡിയിൽ കിട്ടിയാൽ ഇതു തന്റെ പക്കൽ നിന്ന് ലഭിച്ചെന്നതിന് തെളിവുണ്ടാക്കാൻ കഴിയും.