
തൃപ്പൂണിത്തുറ: കിഴക്കേകോട്ട ജംഗ്ഷനിലെ ഗതാഗതകുരുക്ക് ഒഴിവാക്കാൻ പൊലീസ് നടപടി തുടങ്ങി. ഇന്നലെ രാവിലെ മുതൽ തൃക്കാക്കര അസി.കമ്മീഷണറുടെ നിർദ്ദേശപ്രകാരം പൊലിസ് ജംഗ്ഷനിൽ നിലയുറപ്പിച്ച് വാഹനങ്ങൾക്ക് കർശനനിർദ്ദേശവും തെറ്റിക്കുന്നവർക്ക് പിഴയും ചുമത്തി. കിഴക്കേകോട്ടയിൽ വൈക്കം ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രം നാളുകളേറെയായി നോക്കുകുത്തിയായി നിലകൊള്ളുകയാണ്. പുതിയകാവ്,പൂത്തോട്ട,വൈക്കം,കോട്ടയം ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും ജംഗ്ഷനിൽ നിർത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന പതിവ് പരിപാടിയാണ് പൊലീസ് ഇടപ്പെട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മാറ്റിച്ചത്.
നഗരത്തിലെ എല്ലാ ബസുകളും നിർത്തുന്നത് ജംഗ്ഷനിൽ തന്നെയാണ്. അതിനാൽത്തന്നെ യാത്രക്കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കാതെ ജംഗ്ഷനിൽ തന്നെ നിൽക്കുന്നതാണ് ഇവിടുത്തെ ഗുരുതര പ്രശ്നം. കൂടാതെ ബസ് സ്റ്റോപ്പിനോട് ചേർന്ന് വഴിയരികിൽ സ്കൂട്ടർ,കാർ, ഓട്ടോറിക്ഷ എന്നിവ പാർക്കു ചെയ്യുന്നതിനാൽ വലിയ വാഹനങ്ങൾക്ക് ജംഗ്ഷനിൽ നിന്നും മുന്നിലേക്ക് കയറ്റി നിർത്താനും പറ്റാത്ത സ്ഥിതിയുണ്ട്.