algd-housing-project

ആലങ്ങാട്: നാച്ചിപ്പറമ്പിലെന്ന കുടുംബപ്പേരുമായി വാടക വീടുകൾ കയറിയിറങ്ങിയ ജമീലയുടെ കുടുംബത്തിന് സുമനസുകളുടെ സഹായത്തോടെ എഴുവച്ചിറ തുരുത്തിൽ സ്‌നേഹത്തണലൊരുങ്ങും. എഴുവച്ചിറ സഫിയ മഡോസിൽ ഹൗസിംഗ് കോളനിയിൽ ദുബായ് ഒപ്റ്റിക്കൽസ് ഉടമ തോമസ് ചാക്കോ പഞ്ഞിക്കാരൻ നിർമ്മിച്ചു നൽകുന്ന വീടിന് മന്ത്രി പി. രാജീവ് തറക്കല്ലിട്ടു.

ജമീലയുടെ മകൻ സാദിക്കും കൊച്ചുമകൾ ഐഷയും ഭിന്നശേഷിക്കാരാണ്. വീട്ടിലെ പ്രാരാബ്ധങ്ങൾ കൊണ്ട് ഇടപ്പള്ളിയിലെ യത്തീംഖാനയിലാണ് ഇളയ പേരക്കുട്ടി ഫാത്തിമ സമറിൻ. ഇവരുടെ ദയനീയാവസ്ഥ അറിഞ്ഞ എം.എ. സഫിയ ചാരിറ്റബിൾട്രസ്റ്റ് ചെയർമാൻ എൻ.കെ. ഇബ്രാഹിംകുട്ടി മൂന്ന് സെന്റ് സൗജന്യമായി നൽകി. കൂനമ്മാവിൽ മറ്റൊരു സാധുകുടുംബത്തിനു വീടു നിർമ്മിച്ചു നൽകുന്നതിനിടെ ജമീലയുടെ കുടുംബത്തെ കുറിച്ച് അറിഞ്ഞ പ്രവാസി വ്യവസായി തോമസ് ചാക്കോ ഭവന നിർമ്മാണം ഏറ്റെടുത്തു. ഇതോടെ 25 കുടുംബങ്ങളുള്ള സഫിയ മഡോസിൽ ഇവർക്കും തണലൊരുങ്ങും.

തറക്കല്ലിടൽ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, സഫിയ ചാരിറ്റബിൾ ട്രസ്റ്റ് അംഗം എം.എ. അബ്ദുൾ റഷീദ്, വിൻസന്റ് കാരിക്കശേരി, വിജി സുരേഷ്, ഉഷ രവി, എം.കെ. ബാബു എന്നിവർ പങ്കെടുത്തു.