
കൊച്ചി: നാളെ കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്ന് ദിലീപ് അറിയിച്ച ഏഴാമത്തെ ഫോണിൽ കേസിൽ സുപ്രധാന തെളിവാകുന്ന വിവരങ്ങളുണ്ടെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. ഇൗ ഫോണിൽ ആറ് ദിവസങ്ങളിലായി ആറ് കാളുകൾ മാത്രമാണ് നടത്തിയിട്ടുള്ളത്. ഇത് സാമ്പത്തിക ഇടപാടുകൾക്കു വേണ്ടിയാകാമെന്നും കരുതുന്നു. മറ്റൊരു ഫോണിൽ 12,000 കാളുകൾ നടത്തിയിട്ടുണ്ട്.
അന്വേഷണോദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഉപയോഗിച്ചിരുന്ന ഏഴ് സ്‌മാർട്ട് ഫോണുകൾ ഒളിപ്പിച്ചത്.
ക്രൈംബ്രാഞ്ചിന് ഐ.എം.ഇ.ഐ നമ്പർ മാത്രമറിയാവുന്ന ഒരു ഫോൺ നാളെ ഹാജരാക്കാൻ നിർദ്ദേശിച്ചവയിൽ ഉൾപ്പെടുന്നില്ല. ഇൗ ഫോൺ ഏതു കമ്പനിയുടേതാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അന്വേഷണ സംഘം നേരത്തെ ആവശ്യപ്പെട്ടിരുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള വാദിച്ചു. തുടർന്നാണ് കോടതി ഒഴിവാക്കിയത്. അതേസമയം, ഈ ഫോൺ ഏതെന്ന് കണ്ടെത്താൻ നീക്കം ക്രൈംബ്രാഞ്ച് തുടങ്ങി. മൊബൈൽ നിർമ്മാണ കമ്പനികൾക്ക് സംശയിക്കുന്ന ഫോണിന്റെ എെ.എം.ഇ.എ നമ്പർ കൈമാറി നോട്ടീസ് നൽകും. ഇതുവഴി ഫോൺ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം മൂന്ന് മുതൽ ഏഴ് ദിവസത്തിനകം ക്രൈംബ്രാഞ്ചിന് ലഭിക്കും.
ക്രൈം ബ്രാഞ്ച് തേടുന്നത് അഞ്ച് കാര്യങ്ങൾ.
• 12,000 വിളികൾ
ദിലീപിന്റെ ഒരു ഫോണിൽ നിന്ന് മാത്രം ഏകദേശം 12,000 വിളികൾ വിവിധ നമ്പറുകളിലേക്ക് പോയിട്ടുണ്ട്.
• നാലാം ഫോൺ
ഐ.എം.ഇ.ഐ നമ്പർ പരിശോധിച്ചതിൽ നിന്നാണ് ദിലീപ് നാലാമതൊരു ഫോൺ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.
• ദൃശ്യവും എസ്.എം.എസും
കേസിൽ സഹായിച്ചവരുമായി ഏഴ് ഫോണുകളിലൂടെ ആപ്പുകൾ വഴിയും എസ്.എം.എസായും ആശയവിനിമയം നടത്തിയിട്ടുണ്ടാകാം. നടിയെ ആക്രമിച്ച ദൃശ്യവും ഫോണുകളിൽ കോപ്പി ചെയ്തിരിക്കാം.
• റെക്കാർഡിംഗും ലൊക്കേഷനും
ഫോൺകാൾ ഇടപാടുകളിൽ പലതും പ്രതികൾ തന്നെ റെക്കാർഡ് ചെയ്ത് സൂക്ഷിച്ചിരിക്കാം. ഇവ വീണ്ടെടുക്കാനാകും. സുപ്രധാനമായ ശബ്ദസന്ദേശം ലഭിച്ചേക്കുമെന്ന പ്രതീക്ഷയുണ്ട്. ജി.പി.എസ് ലൊക്കേഷനും കണ്ടെത്താം.
• മണി ട്രാൻസ്‌ഫർ
കൂറുമാറിയ 20 സാക്ഷികളെ പ്രതികൾ സാമ്പത്തികമായി സ്വാധീനിച്ചെന്നാണ് സംശയം. ബാങ്ക് ഇടപാടുകൾ പരിശോധിക്കും. ഫോൺ വഴിയുള്ള പണമിടപാടുകളും അറിയാമെന്നതിനാൽ പരിശോധന കേസിൽ നിർണ്ണായകമാകും.