ആലങ്ങാട്: നാശം വിതച്ച ചുഴലിക്കാറ്റിനേക്കാൾ ദുരിതമാണ് ആലങ്ങാടും നീറിക്കോടും റവന്യൂ വകുപ്പ് നാട്ടുകാർക്ക് നൽകുന്നത്. നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക പലവട്ടം പുതുക്കിയ അധികൃതർ നഷ്ടപരിഹാരം നൽകാതെ ദുരിതബാധിതരെ വലയ്ക്കുന്നു. ഏഴു മാസം മുമ്പാണ് ആലങ്ങാട്, നീറിക്കോട്, തത്തപ്പിള്ളി പ്രദേശങ്ങളിൽ കാറ്റും കോളും നാശം വിതച്ചത്. ഇരു പ്രദേശങ്ങളിലുമായി 238 വീടുകൾ ഭാഗികമായും 43 വീടുകൾ പൂർണമായും തകർന്നിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്താതെ തയ്യാറാക്കിയ പട്ടികയിൽ അർഹരായ പലരും ഒഴിവാകുകയും അനർഹർ ഉൾപ്പെടുകയും ചെയ്തു.

അനർഹരായ പലരുടെയും അകൗണ്ടുകളിൽ പണം എത്തിയതറിഞ്ഞ് ദുരിതബാധിതരായ 50 കുടുംബങ്ങൾ പരാതിയുമായെത്തി. തുടർന്ന് വീണ്ടും പരിശോധന നടത്തി അർഹരായ ചിലരെ ഉൾപ്പെടുത്തി പട്ടിക പുതുക്കി. എന്നാൽ പട്ടികയിൽ ഉൾപ്പെട്ടവർക്ക് പോലും ഇതുവരെ ഒരാനുകൂല്യവും ലഭിച്ചിട്ടില്ല. കാര്യം തിരക്കിയ കുടുംബങ്ങളോട് ഫണ്ടില്ലെന്ന മറുപടിയാണ് ഡെപ്യൂട്ടി തഹസിൽദാരിൽ നിന്നു ലഭിച്ചത്.

മന്ത്രി പി. രാജീവ് വാഗ്ധാനം ചെയ്ത ദുരിതാശ്വാസവും ഇവർക്കു ലഭിച്ചില്ല. ഇതിനിടെ സി.പി.എം അനുഭാവികളായ കുടുംബങ്ങൾക്ക് അനർഹമായി ആനുകൂല്യം നൽകിയിട്ടുണ്ടെന്ന പരാതിയുമായി ഒരുകൂട്ടം ദുരിതബാധിതർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സമീപിച്ചു. ദുരിതബാധിതർക്ക് സഹായം നൽകണമെന്ന ആവശ്യവുമായി നീറിക്കോട് ഊർജ്ജം വെൽഫെയർ സൊസൈറ്റി ഉൾപ്പെട്ടവ‌ർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.