പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടയിൽ കോവിലകം ഒമ്പതാം വാർഡിൽ അമ്പത് വീടുകൾക്കായി പ്രത്യേക കുടിവെള്ള പദ്ധതി പൂർത്തിയാവുന്നു. ആദ്യഘട്ടത്തിൽ 26 വീടുകൾക്കാണ് വെള്ളം നൽകിയത്. ഇന്ന് രണ്ടാം ഘട്ടമായി 24 വീടുകൾക്ക് വെള്ളമെത്തിക്കും. പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് പഞ്ചായത്തംഗം ഫസൽ റഹ്മാനാണ്.
മികച്ച ടൂറിസ്റ്റ് കേന്ദ്രമായ ഈ പ്രദേശം അരനൂറ്റാണ്ടായി കുടിവെള്ള ക്ഷാമം നേരിടുന്നു. മിക്ക വീടുകളിലും ജല അതോറിറ്റിയുടെ കണക്ഷൻ ഉണ്ടെങ്കിലും വേണ്ടത്ര വെള്ളം കിട്ടുന്നില്ല. നിവേദനവും പരാതികളും നൽകി കൈ കുഴഞ്ഞതല്ലാതെ യാതൊരു ഫലവും ഉണ്ടായില്ല.
ചെങ്കൽ പ്രദേശമായ ഇവിടെ പുതിയ കിണറുണ്ടാക്കാൻ രണ്ടര ലക്ഷം രൂപ ചെലവ് വരും. സാധാരണക്കാരന് ഇത് താങ്ങാനാകില്ല. 2021 ജൂണിലാണ് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. യഹൂദ പള്ളിക്ക് സമീപം 400 വർഷം പഴക്കമുള്ള കിണർ ശുചീകരിച്ചു. കിണറിൽ നിന്ന് 320 മീറ്റർ അകലത്തിൽ 80 അടി ഉയരത്തിലുള്ള കുന്നിന്റെ മുകളിൽ സംഭരണശേഷിയുള്ള രണ്ട് ടാങ്കുകൾ സ്ഥാപിച്ചു. തൊട്ടടുത്തുണ്ടായിരുന്ന പഞ്ചായത്ത് സ്ഥാപിച്ച ടാങ്കും ഇതിനായി ഉപയോഗപ്പെടുത്തി. ഒന്നര എച്ച്.പി ശക്തിയുള്ള മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ടാങ്കിൽ എത്തിച്ചു. ടാങ്കിൽ നിന്നും രണ്ട് ഇഞ്ച് പൈപ്പു പയോഗിച്ച് വെള്ളം ടാങ്കിൽ നിന്ന് പുറത്തേക്കൊഴുക്കി ഓരോ വീടുകളിലും സ്ഥാപിച്ച ടാപ്പിലൂടെ വെള്ളമെത്തിച്ചു.
വീടൊന്നിന് പ്രതിദിനം 500 ലിറ്റർ വെള്ളം ഇതിലൂടെ ലഭിക്കും. വെള്ളത്തിന്റെ ദുരുപയോഗം നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. 50 ഓളം വീടുകൾക്ക് വെള്ളമെത്തിക്കുന്ന പദ്ധതിക്കായി മൂന്ന് ലക്ഷം രൂപയിൽ താഴെയാണ് ചെലവ് വന്നത്.