
കൊച്ചി: കൊവിഡ് മൂന്നാം തരംഗം ശക്തമായതോടെ തകർച്ച നേരിട്ട് കൂടുതൽ മേഖലകൾ. ഒന്നും രണ്ടും തരംഗത്തിലെ പ്രതിസന്ധികൾ അയഞ്ഞതിന് പിന്നാലെ ഓട്ടോറിക്ഷാ തൊഴിലാളികൾ, സ്വകാര്യ ബസ് ഉടമകൾ, തൊഴിലാളികൾ, ടൂറിസ്റ്റ് ബസ്, ഹോട്ടൽ വ്യാപാരികൾ, സ്റ്റേജ് കലാകാരന്മാർ, ചെണ്ടമേളം, കർഷകർ തുടങ്ങിയവർ നിലനിൽപ്പിന് പോരാടുകയാണ്.
കൊവിഡ് പ്രത്യക്ഷപ്പെട്ടതു മുതൽ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട വിഭാഗമാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ.
കൊവിഡ് വർദ്ധിക്കുമ്പോൾ ആളുകൾ സ്വന്തം വാഹനങ്ങളെ ആശ്രയിക്കും. വലിയൊരു വിഭാഗം ജോലി വീട്ടിലാക്കി. സാധാരണക്കാർ പുറത്തേക്ക് ഇറങ്ങുന്നത് കുറയ്ക്കും. ദിവസം 300രൂപയ്ക്ക് പോലും ഇവർക്ക് ഓടാനാകുന്നില്ല.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഹോട്ടലുകളിലും തിരക്ക് കുറഞ്ഞു. ചിലയിടത്ത് പാഴ്‌സൽ മാത്രമാക്കി. മൂന്ന് മാസത്തിനിടെ ചെറുതും വലുതുമായ 10ലേറെ ഹോട്ടലുകൾ അടച്ചു. വാടകയും ജീവനക്കാരുടെ കൂലിയും ഉൾപ്പെടെ ബാദ്ധ്യത വർദ്ധിച്ചു. ഞായറാഴ്ച നിയന്ത്രണവും തിരിച്ചടിയാണ്.
 സ്റ്റേജ് കലാകാരന്മാരും- മേളക്കാരും
രണ്ട് ഉത്സവ കാലങ്ങളും കലാകാരന്മാർക്ക് കണ്ണീരോർമ്മകളാണ്. കലാകാരന്മാർ പ്രതീക്ഷയർപ്പിച്ചിരുന്നത് ഡിസംബർ- ഏപ്രിൽ ഉത്സവകാലമായിരുന്നു. ഉത്സവങ്ങൾ, പെരുന്നാളുകൾ എന്നിവയ്ക്കും ആഘോഷ പരിപാടികൾക്കും വീണ്ടും നിയന്ത്രണം വന്നു.
 സ്വകാര്യ ബസ് - ടൂറിസ്റ്റ് ബസ്
ജില്ലയിൽ കഴിഞ്ഞ ആറു മാസത്തിനിടെ വിറ്റത് 20ലേറെ സ്വകാര്യ ബസുകളാണ്. പലതും വിറ്റത് 10ലക്ഷത്തിൽ താഴെ വിലയ്ക്ക്. നിയന്ത്രണങ്ങൾ മാറിയതോടെ സ്വകാര്യ ബസുകളിലെ തിരക്ക് വർദ്ധിച്ചിരുന്നെങ്കിലും വീണ്ടും തകിടം മറിഞ്ഞു. ടൂറിസ്റ്റ് ബസുകൾക്കും സമാന അവസ്ഥ. ജില്ലയിൽ 60ലേറെ ടൂറിസ്റ്റ് ബസുകളാണ് മൂന്ന് വർഷമായി ഓടാതെ കിടക്കുന്നത്.
 വ്യാപാരികൾ
ജില്ലയിലെ ആയിരക്കണക്കിന് വ്യാപാരികളും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. നികുതിയടവും വാടകയും പ്രതിസന്ധിയിലായി. ഞായറാഴ്ച നിയന്ത്രണവും തിരിച്ചടിയായി. ഏറെ പ്രതിസന്ധിയിലായത് ചെറുകിട വ്യാപാരികളാണ്.
 വീണ്ടും കൊവിഡെന്നു കേട്ടതോടെ ആളുകൾ അധികം പുറത്തേക്ക് ഇറങ്ങാതെയായി. കോളേജുകളും സ്‌കൂളുകളും ഒക്കെ അടയ്ക്കുന്നതുൾപ്പെടെ ഞങ്ങൾക്ക് തിരിച്ചടിയാണ്.
കമലാസനൻ
ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ
 പലരും ആത്മഹത്യയുടെ വക്കിലാണ്. ഇനിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുത്. ഉപജീവന മാർഗം തകർക്കരുത്
ജി. ജയപാൽ
കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ
 പലരും പെയിന്റിംഗ്, മീൻ വില്പന തുടങ്ങിയ ജോലികൾ തേടിപ്പോയി. ഉത്സവ സീസൺ കൂടി മുടങ്ങുന്നതോടെ പലർക്കും നിത്യജീവിതം പോലും സാധിക്കാതെയായി.
മഹേഷ്
മേള കലാകാരൻ
കൊച്ചിൻ ദേവസ്വം ബോർഡ്
 പലരും ബസുകകൾ വിറ്റു. തൊഴിലാളികളെ കിട്ടാനില്ല. ആളുകൾ പൊതുഗതാഗതം ഉപേക്ഷിച്ച മട്ടാണ്.
എം.ബി.സത്യൻ
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ
 ഇനി നിയന്ത്രണം ഏർപ്പെടുത്തരുത്. മേഖലയാകെ തകർന്നു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയാണ്
എ.ജെ. റിയാസ്
വ്യാപാരി വ്യവസായി ഏകോപന സമിതി