മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന മുറിക്കല്ല് ബൈപാസിന്റെ സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി സ്ഥലമുടമകളുടെ സംയുക്ത യോഗം നാളെ നടക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. സർക്കാർ നിർദ്ദേശ പ്രകാരം കൊച്ചിയിലെ രാജഗിരി ഔട്ട് റീച്ച് നടത്തിയ സാമൂഹിക ആഘാത പഠനത്തിന്റെ പ്രാഥമിക റിപ്പോർട്ട് ജനുവരി 15 ന് സർക്കാരിന് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്.
റവന്യൂ, കെ.ആർ.എഫ്.ബി, പൊതുമരാമത്ത് ഉദ്യോഗസ്ഥരും പദ്ധതി പ്രദേശത്തെ ജനപ്രതിനിതികളും യോഗത്തിൽ പങ്കെടുക്കും. രാവിലെ 10 ന് വള്ളക്കാലി ജംഗ്ഷനിലെ ലയൺസ് ക്ലബ് ഹാളിലാണ് യോഗം ചേരുക. സ്ഥലമുടമകളുടെ ആശങ്കയും പ്രശ്നങ്ങളും പരിഹരിച്ച് പദ്ധതി പൂർത്തിയാക്കാനാണ് യോഗം ചേരുന്നത്. 53 വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കുക. ഒരാളുടെ ഭൂമി പൂർണ്ണമായും 52 പേരുടെ ഭൂമി ഭാഗികമായും ഏറ്റെടുക്കും. 3 വീടുകൾ പൂർണ്ണമായും ഇല്ലാതാകും. 9 വീടുകൾ ഭാഗികമായും നഷ്ടപ്പെടും.
എം.സി റോഡിൽ 130 കവലയിൽ തുടങ്ങി ദേശീയ പാത 85 ലെ കടാതി വരെയാണ് ബൈപാസ്. 60 കോടിയോളം രൂപയാണ് പദ്ധതിക്കായി പ്രാഥമികമായി നീക്കിവച്ചിരിക്കുന്നത്. ബൈപാസ് പൂർത്തിയാവുന്നതോടെ ഇടുക്കി, കോട്ടയം, ഭാഗങ്ങളിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക് നഗരത്തിരക്കൊഴിവാക്കി പുതിയ റോഡിലൂടെ കൊച്ചിയിലേക്ക് യാത്ര എളുപ്പമാകുമെന്നുംമാത്യുകുഴൽനാടൻ പറഞ്ഞു.