കൊച്ചി: ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്ന അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് എൻ.സി.പി ലക്ഷദ്വീപ് ഘടകം. ദേശീയകമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് പ്രതിഷേധമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിഷേധപരിപാടികളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഹൈക്കോടതിയെ സമീപിക്കും.

ഫെബ്രുവരി 26, 27 തീയതികളിൽ ചേരുന്ന നേതൃയോഗത്തിൽ പ്രതിഷേധം നിശ്ചയിക്കും. കവരത്തി കേന്ദ്രീകരിച്ച് നടത്താനിരിക്കുന്ന പരിപാടിയെ കേരള എൻ.സി.പി ഘടകം പിന്തുണയ്ക്കും. ദ്വീപിൽ ബോധപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമംനടക്കുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വെള്ളിയാഴ്ച സ്‌കൂളുകൾ പ്രവർത്തിക്കണമെന്ന ഉത്തരവ്. പ്രഫുൽ പട്ടേലിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക നയങ്ങളെ ജനാധിപത്യരീതിയിൽ ചെറുത്തുതോൽപ്പിക്കാൻ എൻ.സി.പി., എൻ.വൈ.സി ഘടകങ്ങൾ ഒന്നിച്ച് പ്രവർത്തിക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിന് പിന്തുണ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുൾ മുത്തലിഫ്, ജനറൽ സെക്രട്ടറി അബ്ദുൾ ഗഫൂർ, സെക്രട്ടറി നാസീൽ, അഡ്വ. കോയഅറഫ മിറാജ് എന്നിവരും പങ്കെടുത്തു.