കുറുപ്പംപടി: ഫണ്ട് പാസായിട്ടും അശമന്നൂർ ഗ്രാമപഞ്ചായത്തിൽ ഓടക്കാലിയിലെ കമ്പനിപ്പടി ജംഗ്ഷനിൽ നിന്ന് തുടങ്ങുന്ന ഓലിമറ്റം റോഡിന്റെ ദുസ്ഥിതിക്ക് പരിഹാരമാവുന്നില്ല. മൺ പാതയിലെ കുത്തനയുള്ള ഇറക്കത്തിലൂടെ കഷ്ടപ്പെട്ട് കടന്നു പോവേണ്ട സ്ഥിതിയാണ്. വിദ്യാർത്ഥികളും പ്രായമായവരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നു. പത്തോളം കുടുംബങ്ങളാണ് റോഡ് ഉപയോഗിക്കുന്നത്. ഇവരിലൊരാൾക്ക് അസുഖം വന്നാൽ എടുത്ത് കൊണ്ടു പോയി കമ്പനിപ്പടി ജംഗ്ഷനിൽ എത്തിക്കണം.
ബ്ലോക്ക് പഞ്ചായത്തംഗം എൻ.എം. സലിമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ അശമന്നൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി റോഡിന്റെ നിർമ്മാണങ്ങൾക്ക് 15ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ നിർമ്മാണം കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് നടന്നില്ല. ടാറ് വിരിച്ച് സഞ്ചാരയോഗ്യമായ റോഡ് അടിയന്തരമായി നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പട്ടു.