#അപകടത്തിൽപ്പെട്ടത് പുത്തൻലോറി, ആദ്യ ട്രിപ്പ്.
ആലുവ: എടയാറിൽ മെറ്റൽക്രഷറിൽ കരിങ്കല്ല് ഇറക്കുന്നതിനിടെ മിനിടിപ്പർ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. വാഴക്കുളം ചെമ്പറക്കി സ്വദേശി ഹാരീസിനാണ് (25) പരിക്കേറ്റത്. എടയാർ ഇടുക്കി കവലയിൽ പ്രവർത്തിക്കുന്ന നാഷണൽ ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കാബിനകത്ത് കുടുങ്ങിയ ഹാരീസിനെ ഏലൂരിൽ നിന്ന് ഫയർഫോഴ്സെത്തി ഗ്ളാസ് തകർത്താണ് പുറത്തെടുത്തത്. ഉടനെ പാതാളം ഇ.എസ്.ഐയിലെത്തിച്ച് പ്രഥമശുശ്രൂഷയ്ക്കുശേഷം എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. വാഴക്കുളം സ്വദേശി അലിയുടേതാണ് മിനിലോറി. പുതിയ ലോറിയുടെ ആദ്യഓട്ടമായിരുന്നു. കുഴിയിലേക്ക് കരിങ്കല്ല് ഇറക്കുന്നതിനായി അരികിൽ നിർത്തിയശേഷം ഹൈഡ്രോളിക് സംവിധാനത്തിൽ ലോറിയുടെ കാബിൻ ഉയർത്തി. ഈ സമയം കാബിന്റെ പിൻവാതിൽ തുറയാത്തതിനെത്തുടർന്ന് അമിതഭാരത്തിൽ ലോറി കുഴിയിലേക്ക് വീഴുകയായിരുന്നു.