കൊച്ചി: തീരനിയന്ത്രണ മേഖലയിൽ (സി.ആർ.ഇസഡ് ) ഇളവ് ലഭിക്കാൻ ഗ്രാമപഞ്ചായത്തുകളെ നഗരസ്വഭാവമുള്ള പ്രദേശങ്ങളാക്കിയ കേരള സർക്കാർ നടപടി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി പ്രധാനമന്ത്രിക്ക് കത്ത് നൽകി. സംസ്ഥാനത്തെ 398 പഞ്ചായത്തുകളെ നഗര സ്വഭാവമുള്ള പ്രദേശങ്ങളാക്കി തിരിച്ചതിൽ 175 എണ്ണം സി.ആർ.ഇസഡിൽ ഉൾപ്പെടുന്നവയായിരുന്നു. പഞ്ചായത്തുകൾക്ക് ബാധകമായ സോൺ മൂന്നിൽ നിന്നും നഗരങ്ങൾക്ക് ബാധകമായ സോൺ രണ്ടിലേയ്ക്ക് മാറ്റാനുള്ള വലിയ സാദ്ധ്യതയാണ് ഇതോടെ തകിടം മറിയുന്നത്. മത്സ്യത്തൊഴിലാളികൾക്കും തീരവാസികൾക്കും തീരപരിപാലന നിയമത്തിൽ ഇളവ് ലഭിയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് ഹൈബി ഈഡൻ നേരത്തെ കത്ത് നൽകിയിരുന്നു.