dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ മൂന്നിടത്ത് ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച്. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്, എറണാകുളം എം.ജി റോഡിലെ ഹോട്ടൽ, ഓടുന്ന കാർ എന്നിവിടങ്ങളിലായിരുന്നു ഗൂഢാലോചന.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.

2017 നവംബർ 15നാണ് വീട്ടിൽ ഗൂഢാലോചന നടന്നത്. ഇത് സ്ഥിരീകരിക്കുന്ന ശബ്ദരേഖ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. തുടർന്നാണ് ദിലീപ് ഉൾപ്പെടെ ആറുപേരെ പ്രതി ചേർത്ത് വധഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തത്.

2017ൽ തന്നെയാണ് ഹോട്ടലിൽ ഗൂഢാലോചന നടന്നത്. ദിലീപ്, അനൂപ്, സുരാജ് എന്നിവരാണ് പങ്കെടുത്തത്. ഓടുന്ന കാറിലെ ഗൂഢാലോചന ഇതിന് ശേഷമെന്നാണ് കരുതുന്നത്. ഇതേക്കുറിച്ച് വെളിപ്പെടുത്താൻ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല.

ദിലീപിന്റെ അടുത്ത സുഹൃത്തെന്ന് കരുതുന്ന മൊബൈൽ ഫോൺ ടെക്നിഷ്യൻ അപകടത്തിൽ മരിച്ചതു സംബന്ധിച്ച് റൂറൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചു. 2020 ആഗസ്റ്റ് 30നാണ് അങ്കമാലി സ്വദേശിയായ ടെക്നിഷ്യൻ അങ്കമാലി ടെൽക് പാലത്തിന് സമീപം കാറപകടത്തിൽ മരിച്ചത്. റെയിൽവേ ബാരിക്കേഡിൽ ഇടിച്ചാണ് അപകടമുണ്ടായത്. ദിലീപിന്റെ ഒരു ഫോൺ അമേരിക്കയിൽ അയച്ച് ചില വിവരങ്ങൾ വീണ്ടെടുത്തത് ഈ ടെക്നിഷ്യൻ വഴിയാണെന്നും ഇയാൾ പിന്നീട് ദിലീപിന്റെ അടുത്ത ആളായി മാറിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.