 
കൊച്ചി: എറണാകുളം മാർക്കറ്റിന്റെ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. മാർക്കറ്റ് പുനർനിർമ്മാണ ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലെ മാർക്കറ്റിലെ സ്ഥലപരിമിതി ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്ന വിധത്തിലാണ് കൊച്ചി സ്മാർട്ട് സിറ്റി മിഷൻ (സി.എസ്.എം.എൽ ) പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പുതിയ മാർക്കറ്റ് യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയുടെ മുഖച്ഛായ മാറും. താത്‌കാലിക മാർക്കറ്റ് ഉദ്ഘാടനം പി. രാജീവ് നിർവഹിച്ചു. മേയർ എം. അനിൽകുമാർ ചടങ്ങിൽ അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ് എം.എൽ.എ., ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അത്യാധുനിക സൗകര്യങ്ങളോടെ 2,15,000 ചതുരശ്രയടിയിലാണ് പുതിയ മാർക്കറ്റ് നിർമ്മിക്കുന്നത്. കച്ചവടക്കാർക്ക് മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും ഉപഭോക്താക്കൾക്ക് മികച്ച സൗകര്യങ്ങളും ഒരുക്കും. നിരീക്ഷണ കാമറ ഉൾപ്പെടെ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 72 കോടി രൂപയാണ് പദ്ധതിച്ചെലവ്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാർക്കറ്റ് നിർമ്മിക്കുന്നതിനുള്ള കരാർ ക്രെസെന്റ് കൺസ്ട്രക്ഷൻൻസിനാണ്. രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.
40,000 ചുതരശ്രയടി സ്ഥലത്താണ് താത്കാലിക മാർക്കറ്റ് ഒരുക്കിയത്. 5.5 കോടി രൂപയാണ് ചെലവഴിച്ചത്. നിലവിലെ മാർക്കറ്റിലെ 224 കടകൾ മാറ്റി. മാറിയിട്ടുണ്ട്. മേരിമാതാ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡാണ് താത്കാലിക മാർക്കറ്റിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.