
കൊച്ചി: കളക്ടറുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എ മാരുടെ പരാതിപ്രളയം. പിറവം മണ്ഡലത്തിൽ നിയമവിരുദ്ധമായി മണ്ണെടുപ്പ് നടക്കുന്നതായാണ് അനൂപ് ജേക്കബിന് പരാതി. എറണാകുളം നഗരത്തിൽ അനധികൃതമായി പ്രവർത്തനം നടത്തുന്ന പെട്ടിക്കടകൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു ടി.ജെ. വിനോദിന്റെ ആവശ്യം. അനുവദിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ സ്ഥലം കൈയേറി കടകൾ പ്രവർത്തിക്കുന്നു. ഇത് കാൽനടയാത്രക്കാർക്ക് ഉപദ്രവമാണെന്നും എം.എൽ.എ. പറഞ്ഞു. ചെല്ലാനത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് കെ.ജെ. മാക്‌സിയും മുവാറ്റുപുഴ - തേനി റോഡിൽ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയമിക്കണമെന്ന് മാത്യു കുഴൽനാടനും കോട്ടപടി പഞ്ചായത്തിലെ പ്ലാമുടിയിലും സമീപ പ്രദേശങ്ങളിലും കവളങ്ങാട് പഞ്ചായത്തിലെ നീണ്ട പാറയിലും വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആന്റണി ജോണും ആവശ്യപ്പെട്ടു.
എം.എൽ.എമാരായ ആന്റണി ജോൺ , പി.വി. ശ്രീനിജിൻ , കെ.ജെ. മാക്‌സി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ , ടി.ജെ. വിനോദ്, കെ.ബാബു, എൽദോസ് കുന്നപ്പിള്ളി , ജില്ലാ പ്ലാനിംഗ് ഓഫീസർ അനിത ഏല്യാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ലഹരിവേട്ട
എറണാകുളം മണ്ഡലത്തിൽ മയക്കുമരുന്ന് ലഹരി വസ്തുക്കളുടെ വിൽപന തടയുന്നതിനായി രാത്രികാല പട്രോളിംഗ് ശക്തമാക്കിയതായി ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ജില്ലാ വികസന സമിതിയിൽ അറിയിച്ചു.
കോളനികൾ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പാർക്കിംഗ് ഏരിയകൾ എന്നിവിടങ്ങളിലും രാത്രികാല നിരീക്ഷണം നടത്തും. മയക്കുമരുന്ന് വ്യാപനം തടയുന്നതിന് നാർക്കോട്ടിക് സെല്ലിന്റെ കീഴിൽ ഒരു ഇൻസ്‌പെക്ടറും 14 പൊലീസുകാരും ഉൾപ്പെട്ട പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്. സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിയിൽ ലഹരി ഉപയോഗങ്ങൾക്കെതിരെ അഞ്ചിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള 27 സ്ഥലങ്ങൾ പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.