
കൊച്ചി: കെ.എൽ.എം ഫൗണ്ടേഷന്റെ കർമ്മശ്രേഷ്ഠാ പുരസ്‌കാര ജേതാവ് ഡോ.എം.സി. ദിലീപ് കുമാർ തനിക്ക് ലഭിച്ച ഒരുലക്ഷം രൂപയുടെ അവാർഡ് തുക എറണാകുളം ജനറൽ ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ടവർക്കായി സംഭാവന ചെയ്തു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പിയുടെ സാന്നിദ്ധ്യത്തിൽ സൂപ്രണ്ട് ഡോ. എ. അനിതയ്ക്ക് ദിലീപ് കുമാർ തുക കൈമാറി. മരുന്നുവാങ്ങാൻ പണമില്ലാതെ കഷ്ടപ്പെടുന്ന രോഗികൾക്കുവേണ്ടി ഈ തുക വിനിയോഗിക്കുമെന്ന് ആശുപത്രി സുപ്രണ്ട് പറഞ്ഞു. കഴിഞ്ഞ നവംബർ 12 ന് ബി.ടി.എച്ച് ഹാളിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സാന്നിദ്ധ്യത്തിൽ നടി മഞ്ജു വാര്യരാണ് പുരസ്‌കാരം സമ്മാനിച്ചത്. അഞ്ചുവർഷത്തിലൊരിക്കൽ വിദ്യാഭ്യാസ, സാസ്‌കാരിക, സാമൂഹ്യ മേഖലകളിലെ സംഭാവനയ്ക്കായി കെ.എൽ.എം ഫൗണ്ടേഷൻ നൽകുന്നതാണ് കർമ്മശ്രേഷ്ഠാ പുരസ്‌കാരം.