മൂവാറ്റുപുഴ: സാധനങ്ങൾ വാങ്ങാൻ ബൈക്കിലെത്തിയ ആൾ കടഉടമയായ വൃദ്ധയുടെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ച് കടന്നു. രണ്ടാർ കക്കാടംകുളം പരേതനായ കുമാരന്റെ ഭാര്യ മാധവിയുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. വീടിനോടുചേർന്ന് പലചരക്കുകട നടത്തുന്ന മാധവിയുടെ കടയിൽ ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എത്തിയ മോഷ്ടാവ് സാധനങ്ങൾ ആവശ്യപ്പെട്ടു. മാധവി ഇതെടുത്തുനൽകുന്നതിനിടെ മോഷ്ടാവ് മുളകുപൊടി കണ്ണിലേക്കെറിഞ്ഞശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിടിവലിയിൽ ഇയാളുടെ മൊബൈൽഫോൺ മാധവി പിടിച്ചെടുത്തു. ഇവർ ബഹളം വച്ചതോടെ മോഷ്ടാവ് ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു. മൂവാറ്റുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.