
കളമശേരി: കഥകളിയിലെ അതുല്യ കലാകാരന്മാരുടെ ചരിത്ര സ്മരണകൾ ഉറങ്ങുന്ന ഫാക്ട് കഥകളിക്കളരി വിസ്മൃതിയിലേക്ക് മറയാൻ എണ്ണപ്പെട്ട ദിനങ്ങൾ മാത്രം. കാലപ്പഴക്കമുള്ള ക്വാർട്ടേഴ്സുകളും മറ്റ് കെട്ടിടങ്ങളും പൊളിച്ചുമാറ്റുവാനുള്ള ഫാക്ട് മാനേജുമെന്റിന്റെ പട്ടികയിൽ കഥകളി വിദ്യാലയവുമുണ്ട്. കഥകളി ജനകീയമാക്കുന്നതിനും അന്യംനിന്നുപോകാതിരിക്കുന്നതിനും വേണ്ടി അന്നത്തെ മാനേജിംഗ് ഡയറക്ടറായിരുന്ന എം.കെ.കെ.നായർ 1965 ൽ സ്ഥാപിച്ച കഥകളിക്കളരിയുടെ പ്രവർത്തനം 2014ലാണ് നിലച്ചത്. കലയുടെ പൈതൃകമായി കെട്ടിടം നിലനിർത്തണമെന്നാണ് പൊതുസമൂഹത്തിന്റെ ആഗ്രഹം. നിലംപൊത്താറായ പഴയ ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരിക്കുന്ന കഥകളി കോപ്പുകൾ ഇവിടേക്ക് മാറ്റി മ്യൂസിയമാക്കണമെന്ന ആവശ്യവും ഉയർന്നു വന്നിട്ടുണ്ട്.
 ഒരുതിരിഞ്ഞുനോട്ടം
കഥകളി ഏഴു വർഷകോഴ്സായിരുന്നു. പിന്നീട് ആറു വർഷമാക്കി ചുരുക്കി. വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പൻഡ് നൽകിയിരുന്നു. ആദ്യബാച്ചിൽ ഏഴുപേരുണ്ടായിരുന്നു. എല്ലാ വ്യാഴാഴ്ചകളിലും നടന്നിരുന്ന കഥകളി കാണാൻ വിദേശികൾ എത്തിയിരുന്നു. കലാമണ്ഡലം കൃഷ്ണൻ നായർ, ഗോപിയാശാൻ, തുടങ്ങിയവരൊക്കെ കളിക്കെത്തിയിരുന്നു. കലാമണ്ഡലം കരുണാകരൻ, കലാമണ്ഡലം കേശവൻ, കുടമാളൂർ കരുണാകരൻ, ചാലക്കുടി നമ്പീശൻ, കലാമണ്ഡലം ഹൈദരാലി, ശങ്കരൻ എമ്പ്രാന്താരി, കലാമണ്ഡലം ശങ്കരവാര്യർ, ഫാക്ട് ഭാസ്കരൻ തുടങ്ങിയവരായിരുന്നു അദ്ധ്യാപകർ.
 വൈക്കം രാജശേഖർ (ഫാക്ട് ഫെഡോ മുൻ ചീഫ് എൻജിനീയർ, ആട്ടക്കഥ രചയിതാവ്): ഞാൻ രചിച്ച ആട്ടക്കഥയുൾപ്പെടെ നിരവധി ഗൗരവതരമായ കഥകളി ചർച്ചകൾ നടന്ന സ്ഥലമാണ്. പ്രഗത്ഭ കലാകാരന്മാരുടെ സാന്നിദ്ധ്യം അനുഭവിച്ച വേദി കൂടിയാണ്. ചരിത്ര പ്രാധാന്യമായി കരുതി നിലനിർത്തണം.
 കലാമണ്ഡലം ശങ്കരവാര്യർ: എം.കെ.കെ നായരോടുള്ള ആദരവ് ആത്മാർത്ഥമാണെങ്കിൽ അദ്ദേഹത്തിന്റെ ആത്മാവായ കളരി ഇടിച്ചു നിരത്തരുത്.
 ഫാക്ട് പത്മനാഭൻ ,ഫാക്ട് ഭാസ്കരൻ: എം.കെ.കെയുടെയും ഉന്നതരായ കലാകാരന്മാരുടെയും സ്മരണകൾ നിറഞ്ഞ കെട്ടിടം സ്മാരകമാക്കി നിലനിർത്തണം.
 രഞ്ജിനി സുരേഷ് (കഥകളി കലാകാരി, തൃപ്പൂണിത്തുറ മുൻ ചെയർപെഴ്സൺ): ഞാൻ ജനിച്ചു വളർന്ന കളരിയാണ്, കഥകളി അഭ്യസിച്ച ഇടമാണ്. പൊളിച്ചുമാറ്റാനുള്ള തീരുമാനം വേദനാജനകം പുന:പരിശോധിക്കണം.