
കൊച്ചി: പാവപ്പെട്ടവരുടെ ആശ്രയമായ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ കൂടുതൽ ബിരുദാനന്തരബിരുദ കോഴ്സുകൾ ആരംഭിക്കാത്തത് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും അവഗണനയും അനാസ്ഥയും മൂലമാണെന്ന് വ്യക്തമാകുന്നു. 10 വിഭാഗങ്ങളിൽ പി.ജി കോഴ്സ് തുടങ്ങാൻ ശുപാർശ നൽകിയിട്ടും വകുപ്പ് അനങ്ങിയിട്ടില്ലെന്ന് മെഡിക്കൽ കോളേജിലെ അദ്ധ്യാപകർ വെളിപ്പെടുത്തി.
ആരംഭിച്ച് 21 വർഷം പിന്നിട്ട എറണാകുളം മെഡിക്കൽ കോളേജിൽ ആകെ അഞ്ചു വിഭാഗങ്ങളിൽ 11 പി.ജി സീറ്റുകൾ മാത്രമാണുള്ളതെന്ന് 'കേരളകൗമുദി' കഴിഞ്ഞ 26ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോളേജിന്റെ വികസനം ആവശ്യപ്പെട്ട് അദ്ധ്യാപകരുടെ സംഘടനയായ കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തുവന്നു.
ശുപാർശ നൽകിയിരുന്നെന്ന് പ്രിൻസിപ്പൽ
പത്ത് വിഭാഗങ്ങളിൽ പുതിയ പി.ജി കോഴ്സുകൾ ആരംഭിക്കാൻ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ശുപാർശ നൽകിയിരുന്നതായി പ്രിൻസിപ്പൽ അറിയിച്ചു. കഴിഞ്ഞ നവംബർ 27 ആയിരുന്നു ഇന്ത്യൻ മെഡിക്കൽ കമ്മിഷന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ലഭിച്ച അപേക്ഷകൾ പ്രകാരം അനുവദിച്ച സീറ്റുകളിൽ പ്രവേശനവും ആരംഭിച്ചു.
മന്ത്രി യോഗങ്ങളിൽ നടപടിയില്ല
പി.ജി കോഴ്സുകൾ ആരംഭിക്കുന്നത് ഉൾപ്പെടെ മെഡിക്കൽ കോളേജിന്റെ വികസനത്തിന് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ഉൾപ്പെടെ നിരവധി തവണ ഇടപെട്ടെങ്കിലും അധികൃതർക്ക് കുലുക്കമില്ല. മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്ന കളമശേരിയിലെ ജനപ്രതിനിധി കൂടിയായ വ്യവസായമന്ത്രി പി. രാജീവും ആരോഗ്യമന്ത്രി വീണ ജോർജും പങ്കെടുത്ത യോഗങ്ങൾ മെഡിക്കൽ കോളേജിൽ നടന്നെങ്കിലും തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
23.75 കോടി കേന്ദ്ര സഹായം
എറണാകുളം മെഡിക്കൽ കോളേജിൽ അടിയന്തര, അത്യാഹിത ചികിത്സ ലഭ്യമാക്കുന്ന വിഭാഗങ്ങൾ ആരംഭിക്കാൻ കേന്ദ്ര സർക്കാർ 23.75 കോടി രൂപ അനുവദിച്ചു.
നൂതന സംവിധാനങ്ങളുള്ള എമർജൻസി കെയർ, ക്രിട്ടിക്കൽ കെയർ, അത്യാഹിത വിഭാഗം എന്നിവയാണ് ഒരുക്കുക.ട്രയാജ്, സി.ടി, അൾട്രാ സൗണ്ട് സ്കാനുകൾ, ട്രയാജ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കും. ട്രോമ കെയർ ഓപ്പറേഷൻ തിയേറ്ററുകൾ, ഐ.സി.യു. മുറികൾ, ചെറിയ വാർഡുകൾ എന്നിവയും ഒരുക്കും. അനുബന്ധമായി ടെസ്റ്റുകൾക്ക് ലാബും ഒരുക്കും. 48 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുക.
സൂപ്പറാക്കാൻ 280 തൊഴിലാളികൾ
ദീർഘകാലമായി തുടരുന്ന മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിന്റെ നിർമ്മാണം വേഗത്തിലായി. 280 തൊഴിലാളികളാണ് നിർമ്മാണജോലികൾ നടത്തുന്നത്. കെട്ടിട നിർമ്മാണത്തിന്റെ മേൽനോട്ട ചുമതലയുള്ള ഇൻകെൽ അധികൃതർ ദിവസവും നിർമ്മാണ പുരോഗതി വിലയിരുത്തി നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
മെഡിക്കൽ കോളേജിന്റെ വളർച്ചയ്ക്ക് പി.ജി കോഴ്സുകൾ അനിവാര്യമാണ്. കൂടുതൽ സങ്കീർണ്ണമായ രോഗങ്ങൾ കണ്ടുപിടിക്കാനും ഫലപ്രദമായ ചികിത്സ നൽകാനും ഗവേഷണങ്ങൾക്കും എല്ലാ വകുപ്പുകളിലും പി.ജി. കോഴ്സുകൾ അനിവാര്യമാണ്. പ്രധാന വിഭാഗങ്ങളിൽ പി.ജി കോഴ്സ് ആരംഭിക്കാൻ വിശദമായ റിപ്പോർട്ടുകൾ സഹിതം പലതവണ സർക്കാരിന് അപേക്ഷ നൽകിയെങ്കിലും ഫലവത്തായ നടപടികൾ സ്വീരിച്ചില്ല. കൂടുതൽ പി.ജി കോഴ്സുകൾ എത്രയും വേഗം ആരംഭിച്ച് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം.
- ഡോ. ഫൈസൽ അലി (പ്രസിഡന്റ് ), ഡോ.പി.ജി. ഹരിപ്രസാദ് (സെക്രട്ടറി ),
എറണാകുളം മെഡിക്കൽ കോളേജ് യൂണിറ്റ്,
കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ