11
പാടിവട്ടത്തെ ഔട്ട് ലെറ്റ്

തൃക്കാക്കര: ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ആവശ്യമായ സൗകര്യങ്ങളില്ലാത്ത വിദേശ മദ്യവില്പനശാലകൾ മാറ്റിസ്ഥാപിക്കണമെന്ന് കോടതി ഉത്തരവുണ്ടെങ്കിലും നടപടികൾ നീളുന്നു. ജില്ലയിൽ എട്ട് വില്പനശാലകൾ മാറ്റിസ്ഥാപിച്ചെങ്കിലും നിരവധി വില്പനശാലകൾ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്.

സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ), എക്സ്‌സൈസ് ഉദ്യോസ്ഥർ സംയുക്തമായി പരിശോധന നടത്തി വേണം പുതിയ സ്ഥലത്ത് വില്പനശാലകൾ തുറക്കാൻ. ഫെബ്രുവരി അവസാനത്തോടെ അടിസ്ഥാനസൗകര്യം ഇല്ലാത്ത വില്പനശാലകൾ പൂർണ്ണമായും ഒഴിവാക്കുമെന്ന് ബെവ്കോ അധികൃതർ അറിയിച്ചിരുന്നു.

ജില്ലയിലെ നിരവധി വില്പനശാലകൾക്ക് നിശ്ചിത സൗകര്യങ്ങളില്ല. മദ്യം വാങ്ങാൻ വരുന്നവരുടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്ത് ഗതാഗത കുരുക്കുണ്ടാവുന്നത് പതിവ് കാഴ്ചയാണ്. ജില്ലാ ആസ്ഥാനമായ കാക്കനാട് പാടിവട്ടത്തെ വില്പനശാലയുടെ അവസ്ഥ പരിതാപകരമാണ്. പഴയ കെട്ടിടത്തിലാണ് വില്പനശാല. കെട്ടിടത്തിൽ മദ്യം സ്റ്റോക്ക് ചെയ്യാൻ പോലും സ്ഥലമില്ല. ജീവനക്കാർ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ജോലി ചെയ്യുന്നത്. തീപിടിത്തം പോലെ ദുരന്തമുണ്ടായാ രക്ഷപ്പെടാൻ വഴിയില്ല. പ്രതിദിനം 20 ലക്ഷം രൂപയോളം വിറ്റുവരവുണ്ട്. ഉപഭോക്താക്കൾക്ക് നിന്നുതിരിയാൻ പോലും സ്ഥലമില്ല. സൗകര്യമില്ലാത്തതിനാൽ വില്പനശാല മാറ്റാൻ തീരുമാനിച്ചെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നടപടി നീളുകയാണ്.

 പകുതിയിലും സൗകര്യങ്ങളില്ല

എറണാകുളം ജില്ലയിലെ മൂന്ന് വെയർ ഹൗസുകളുടെ കീഴിൽ 37 വില്പനശാലകളുണ്ട്. ഇവയിൽ പകുതിയും സൗകര്യങ്ങളില്ലാതെയാണ് പ്രവർത്തിക്കുന്നത്. കെട്ടിടങ്ങളിൽ സ്റ്റോർ റൂം സൗകര്യമുൾപ്പടെ കുറഞ്ഞത് 3,000 ചതുരശ്രയടി വിസ്തീർണ്ണമുളള കെട്ടിടം വേണമെന്നാണ് ചട്ടം. വനിതകളുൾപ്പെടെ ജോലി ചെയ്യുന്നതിനാൽ രണ്ട് ബാത്ത് റൂം സൗകര്യം ഒരുക്കണം. തീപിടുത്തമുണ്ടായാൽ ഫയർ ഫോഴ്‌സ് വാഹനങ്ങൾക്ക് സുഗമമായി എത്തിച്ചേരാൻ കഴിയുന്ന വഴി വേണം. ഉപഭോക്താക്കളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം വേണം. ഇത്തരം സൗകര്യങ്ങൾ ഇല്ലാതെയാണ് ഭൂരിപക്ഷം വില്പനശാലകളും പ്രവർത്തിക്കുന്നത്.