
അങ്കമാലി: ഒരേ ദിവസം രണ്ടു ഉദ്‌ഘാടനങ്ങൾ നടത്തിയ പെരുമയുള്ള മങ്ങാട്ടുകര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക്, അതോടൊപ്പം തന്നെ വെള്ളം ഒഴുക്കാൻ ലീഡിംഗ് ചാനൽ നിർമ്മാണത്തിലും പുതുമ.
കോൺഗ്രീസുകാരനായ എം.എൽ.എയും സി.പി.എം കാരിയായ നഗരസഭ ചെയർപേഴ്‌സനും മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു ഉദ്‌ഘാടനം നടത്തിയ പദ്ധതിയാണിത്. ഏതാനും മാസം മുമ്പാണ് വെള്ളം ഒഴുക്ക് സുഗമമാക്കുന്നതിന് കനാൽ കോൺക്രീറ്റിംഗ് നടത്തി നവീകരിച്ചത്. വെള്ളം സുഗമമായി എല്ലായിടത്തും എത്തുന്നില്ല എന്ന പ്രദേശവാസികളുടെയും കർഷകരുടെയും പരാതിയെ തുടർന്നായിരുന്നു നവീകരണം. നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ ദ്രുതഗതിയിൽ പണിയാരംഭിച്ചു.
പോകുന്ന വഴിയിൽ ഇലക്ട്രിക്ക് പോസ്റ്റിനെയും കൂട്ടി കോൺക്രീറ്റ് ചെയ്തു. എന്നാൽ തൊട്ടടുത്ത ട്രാൻസ്ഫോർമറിന് അടുത്തെത്തിയപ്പോൾ പണി അവിടെ നിർത്തി. ട്രാൻസ്ഫോർമറിനെ ഒഴിവാക്കി തൊട്ടപ്പുറത്ത് നിന്ന് കനാൽ പണി ആരംഭിച്ചു. ഒഴുകി വരുന്ന വെള്ളം ഇതോടെ എങ്ങോട്ടു പോകുമെന്ന അങ്കലാപ്പിലായി. കുറച്ചു വെള്ളം ട്രാൻസ്ഫോർമറിന് അടിയിലൂടെ റോഡിലേക്കൊഴുകി. കുറെ വെള്ളം എതിർ വശത്ത് കൂടെ തൊട്ടടുത്ത പറമ്പിലേക്കും. വെള്ളം ട്രാൻസ്ഫോർമറിനെ വലം വച്ചു മറുവശത്തെത്തി. അടുത്ത കാനയിൽ ചാടി ഒഴുക്കു തുടർന്നു. ഇതോടെ മറുവശത്തുള്ളവർക്ക് ലഭിക്കുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞു.