അങ്കമാലി: അങ്കമാലി നഗരസഭയിലെ സാധാരണക്കാർക്കുള്ള പൊതു ശ്മാശാന നിർമ്മാണത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒളിച്ചു കളിക്കുന്നു. നാലുപതിറ്റാണ്ടിലേറെയായി ഭരണത്തിലിരുന്ന യു.ഡി.എഫ് എൽഡിഎഫ് ഭരണ സമിതികൾ അവതരിപ്പിച്ച എല്ലാ ബഡ്ജറ്റ് പുസ്തകത്തിലും ഒരു സ്ഥാനം പൊതുശ്മശാനത്തിന് കിട്ടിയെന്നതല്ലാതെ മറ്റൊരു നടപടിയും എടുക്കാൻ ഇരു കൂട്ടരും തയ്യാറായിട്ടില്ല.
കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതിയുടെ ഭരണകാലത്ത് പീച്ചാനിക്കാട് ഭാഗത്ത് നിലവിലെ സിമിത്തേരിയോട് ചേർന്ന് നാപ്പതു സെന്റ് സ്ഥലം നഗരസഭക്ക് നൽകാമെന്ന പൊതു പ്രവർത്തകർ ഉറപ്പു നൽകി. എന്നാൽ സ്ഥലം ലഭ്യമായിട്ടും ചില മത പുരോഹിതർ എതിർപ്പുമായി വന്നതോടെ ഇരു പാർട്ടികളും കൈകോർത്ത് ശ്മശാന പദ്ധതി അട്ടിമറിച്ചു. സി.പി.എം ലോക്കൽ നേതൃത്വത്തിന്റെ മുന്നിലെത്തിയ ഈ വിഷയത്തിൽ ഗൗരവതരമായ ഒരു നിലപാടെടുക്കാൻ നേതൃത്വവും തയ്യാറായില്ല. മുഴുവൻ കക്ഷികളേയും ചേർത്ത് ഒരു കമ്മിറ്റിയുണ്ടാക്കി ശ്മശാനത്തിന് സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്നതായാണ് ഭരണകക്ഷി പറയുന്നത്.
മൊബൈൽ
ക്രിമിറ്റോറിയവും പാളി
കഴിഞ്ഞ എൽ.ഡി.എഫ് കൗൺസിലിന്റെ അവസാന കാലത്ത് ധൃതി പിടിച്ച് തട്ടിക്കൂട്ടിയതായിരുന്നു മോബൈൽ ക്രിമിറ്റോറിയം പദ്ധതി. ക്രിമിറ്റോറിയം നഗരസഭ വാങ്ങി. പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ച എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഉപേക്ഷിച്ചപ്പോഴാണ് അങ്കമാലി നഗരസഭ പദ്ധതി തുടക്കമിട്ടത്.
അശാസ്ത്രീയമായ നടപടിയായിരുന്നു മോബൈൽ ക്രിമിറ്റോറിയം പദ്ധതി. ഒരു വാഹനവും ദഹിപ്പിക്കുന്നതിന് വേണ്ടുന്ന ചിരട്ടയുൾപ്പെടെയുള്ള സാമഗ്രഹികൾ വാങ്ങി മൃതദേഹം സംസ്ക്കറിക്കുന്നതിന് കുറഞ്ഞത് 9000 രൂപ ചിലവ് വരും. ഇതാര് കൊടുക്കു മെന്നതിനെ കുറിച്ച് ഒരു ധാരണയും പദ്ധതി പ്രഖ്യാപിച്ചവർക്കുണ്ടായിരുന്നില്ല. ഇതിനായി നഗരസഭയ്ക്ക് സ്ഥിരമായി ഒരു വാഹനവും ഒരു ഡ്രൈവറും വേണം. ചെലവ് പിന്നെയും കുടും. ഇതോടെ പദ്ധതി ഉപേക്ഷിച്ചു.