ആലങ്ങാട്: മാഞ്ഞാലി മാട്ടുപുറത്ത് വീടുകയറി സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസിന്റെ അലംഭാവത്തിനെതിരേ പ്രതിക്ഷേധം ശക്തമാകുന്നു. ആക്രമണം നടക്കുന്ന വിവരം അയൽവാസികൾ വിളിച്ചറിയിച്ചിട്ടും വൈകിയാണ് പൊലീസ് സ്ഥലത്തെത്തിയത്.

ആക്രമണം നടത്തിയ ലഹരി മാഫിയ ഏറെ നാളായി ഈ പ്രദേശത്ത് സജീവമാണ്. പലതവണ പരാതിപ്പെട്ടിട്ടും ഇവർക്കെതിരേ യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. സ്‌റ്റേഷൻ ചുമതലയുള്ള സി.ഐ. സ്ഥലംമാറ്റത്തിനുള്ള ശ്രമത്തിലാണ്. മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുൻപേ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്.

ആഴ്ചകൾക്കു മുൻപ് വിദ്യാർത്ഥിനിയെ പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തന്ന പൊലീസ് അന്വേഷണത്തിലെ അലംഭാവം വിവാദമായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നു തെളിഞ്ഞിട്ടും വിവരം പുറത്തറിയിക്കാതെ അന്വേഷണം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. സംഭവം നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും വിശദ ഫോറൻസിക് പരിശോധന പോലും നടത്തിയില്ല. വിഷയം മാദ്ധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് പ്രതിയെ പിടികൂടിയത്. കരുമാല്ലൂർ മാഞ്ഞാലി പ്രദേശത്ത് ശക്തമാകുന്ന ലഹരിമാഫിയക്കെതിരെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരിതന്നെ പരാതിപെട്ടിട്ടും കാര്യമായ നടപടിയുണ്ടായില്ല. തുടർന്ന് സി.ഐയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. പി.രാജീവിനോട് ആവശ്യപ്പെടുകയും ചെയ്തു.