നെടുമ്പാശേരി: കൊവിഡ് വ്യാപനം സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ നിന്നുള്ള ആദ്യ ഉംറ തീർത്ഥാടക സംഘം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. അഞ്ച് ലക്ഷദ്വീപുകാർ ഉൾപ്പെട്ട 36 അംഗ സംഘം ഒമാൻ എയറിൽ മസ്‌കറ്റ് വഴിയാണ് ജിദ്ദയ്ക്ക് തിരിച്ചത്.
17 പേർ സ്ത്രീകളാണ്. പൂർണമായും കൊവിഡ് നിയന്ത്രണം പാലിച്ച് സ്വകാര്യ ഏജൻസിയാണ് തീർത്ഥാടകരെ യാത്രയാക്കിയത്. ഫെബ്രുവരി 12ന് കൊച്ചിയിൽ തിരിച്ചെത്തും. ഇന്ത്യയിൽ വാക്‌സിൻ എടുത്തവർക്ക് ക്വാറന്റൈൻ നിഷ്‌കർഷിച്ചിട്ടില്ല. ആവശ്യമായി വന്നാൽ സൗദിയിൽ ക്വാറന്റൈൻ സൗകര്യമൊരുക്കും. വിദേശികൾക്ക് രണ്ട് വർഷമായി ഹജ്ജിനും ഉംറക്കും കടുത്ത നിയന്ത്രണമുണ്ടായിരുന്നു. ഉംറയ്ക്ക് അവസരം ലഭിച്ചതോടെ നെടുമ്പാശേരി വഴി നിരവധി തീർത്ഥാടകർ വരും ദിവസങ്ങളിൽ യാത്ര തിരിക്കും.
നെടുമ്പാശ്ശേരിയിൽ നിന്നുള്ള രാജ്യാന്തര യാത്രക്കാരിൽ നല്ലൊരു ഭാഗം ഉംറ തീർത്ഥാടകരാണ്. നെടുമ്പാശേരി മസ്ജിദിൽ പ്രത്യേക പ്രാർത്ഥനക്ക് ഉംറ അമീർ അബ്ദുൽ ജബ്ബാർ സഖാഫി നേതൃത്വം നൽകി. പേഴക്കാപ്പിള്ളി അബ്ദുൽ ജബ്ബാർ സഖാഫി, കെ.കെ.അബ്ദുൽ ജമാൽ, സലീം കൗസരി എന്നിവർ സംസാരിച്ചു.