cial

 രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 3-ാം സ്ഥാനം നിലനിറുത്തി സിയാൽ.

നെടുമ്പാശേരി: കൊവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമെന്ന പട്ടം നിലനിറുത്തി കൊച്ചി വിമാനത്താവളം (സിയാൽ). കൊവിഡിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കൂടുതൽ മേഖലകളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനും നടത്തിയ ശ്രമങ്ങളാണ് നേട്ടമായതെന്ന് സിയാൽ മാനേജിംഗ് ഡയറക്‌ടർ എസ്. സുഹാസ് പറഞ്ഞു.

എയർപോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കണക്കുപ്രകാരം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ 2021ൽ ഡൽഹിക്കും മുംബയ്ക്കും ശേഷം മൂന്നാമതാണ് സിയാൽ. ഡിസംബറിൽ 3.01 ലക്ഷം രാജ്യാന്തര യാത്രക്കാരാണ് കൊച്ചിവഴി പറന്നത്. 8.42 ലക്ഷം പേരുമായി ഡൽഹി ഒന്നാമതും 4.51 ലക്ഷം പേരുമായി മുംബയ് രണ്ടാമതുമാണ്. ചെന്നൈയ്ക്കാണ് നാലാംസ്ഥാനം (2.46 ലക്ഷം പേർ).

കരുത്തായി സർവീസുകൾ

യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാക്കിക്കൊണ്ട്, കൂടുതൽ സർവീസുകൾ കൊണ്ടുവരാനും പുനരാരംഭിക്കാനും കഴിഞ്ഞത് സിയാലിന് നേട്ടമായി. ഡിസംബറിൽ സിംഗപ്പൂർ എയർലൈൻസ് സർവീസും ജനുവരിയിൽ എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ മലേഷ്യൻ സർവീസും ആരംഭിച്ചു. ബാങ്കോക്ക് സർവീസ് ആരംഭിക്കാനും ശ്രമങ്ങളുണ്ട്.

43.06 ലക്ഷം

2021ൽ സിയാലിലൂടെ പറന്ന മൊത്തം യാത്രക്കാർ 43,06,661 പേരാണ്. മുൻവർഷത്തേക്കാൾ 10 ലക്ഷം പേർ അധികം. രാജ്യാന്തര യാത്രക്കാർ 18,69,690 പേർ.

മൂന്ന് ലാബുകൾ

ദുബായിയുടെ കൊവിഡ് മാർഗനിർദേശം പാലിച്ച് ഇന്ത്യയിൽ നിന്ന് വിമാനക്കമ്പനികൾ ആദ്യമായി യു.എ.ഇയിലേക്ക് സർവീസ് നടത്തിയത് കൊച്ചിയിൽ നിന്നാണ്. യു.എ.ഇ യാത്രക്കാർക്കായി റാപ്പിഡ് പി.സി.ആർ ടെസ്‌റ്റിന് സിയാലിൽ മൂന്നു ലാബുകളുണ്ട്. ഒരേസമയം 450 പേർക്ക് പരിശോധന നടത്താം. റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കായും വിപുലമായ സൗകര്യങ്ങളുണ്ട്.

ശീതകാലപ്പട്ടിക
ഒക്ടോബറിൽ നിലവിൽവന്ന ശീതകാല സമയപ്പട്ടികയനുസരിച്ച് പ്രതിദിനം 50 ആഭ്യന്തര പുറപ്പെടൽ സർവീസുകൾ സിയാലിൽ നിന്നുണ്ട്. രാജ്യാന്തര പുറപ്പെടൽ സർവീസുകൾ 30.