
ആലുവ: ചരിത്രമുറങ്ങുന്ന തോട്ടുമുഖം ജങ്കാർ കടവ് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. തിരുവിതാംകൂർ - കൊച്ചി രാജ്യത്തിന്റെ ചൗക്കകൾ (ചെക്ക്‌പോസ്റ്റ് ) നിലനിന്നിരുന്ന ചൊവ്വര കടവ് വികസനം നാശോന്മുഖമായി കൊണ്ടിരിക്കുകയാണ്.
കടവിന്റെ വികസനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് അധികൃതർ പലവട്ടം വാഗ്ദാനം നൽകിയെങ്കിലും വാക്കിലൊതുങ്ങിയെന്നാണ് നാട്ടുകാരുടെ പരാതി. കീഴ്മാട് ഗ്രാമപഞ്ചായത്തിൽപ്പെട്ട ചൊവ്വരയിൽ തിരുവിതാംകൂറിന്റെയും കൊച്ചി രാജ്യത്തിന്റെയും ചൗക്കകൾ സ്ഥിതി ചെയ്തിരുന്നത് ഇവിടെയായിരുന്നു. ചരിത്രം ഉറങ്ങുന്ന കടവ് പൃകൃതിരമണീയമാണ്.
സീപോർട്ട് - എയർപോർട്ട് റോഡിന്റെ ഭാഗമായി ഒരു കിലോമീറ്റർ അകലെ മഹിളാലയം - തുരുത്ത് പാലം വരുന്നത് വരെ ഇവിടെ ജങ്കാർ സർവീസ് ഉണ്ടായിരുന്നു. സായാഹ്നം ആസ്വാദിക്കാനും നിരവധിയാളുകളെത്തും. കടവിന്റെ മുന്നിലായി ചെറിയ പുഴ കഴിഞ്ഞുള്ള തുരുത്തും വൈകുന്നേരങ്ങളിലെ കാറ്റും മരത്തണലുമാണ് ജനങ്ങളെ ആകർഷിച്ചത്. രണ്ട് വർഷം മുമ്പ് ഗ്രാമപഞ്ചായത്ത് കുളിക്കടവ് നവീകരിച്ചതിനാൽ നിരവധിയാളുകൾ കുളിക്കാനുമെത്തും.
കടവിനോട് ചേർന്ന കാടുപിടിച്ചുകിടന്ന വിസ്തൃതമായ പുഴ തീരം കഴിഞ്ഞയാഴ്ച്ച നാട്ടുകാർ വൃത്തിയാക്കിയിരുന്നു. ആറ് മീറ്റർ നീളത്തിൽ പുഴയോരം നന്നാക്കിയെടുത്തു. 25000 രൂപയാളം രൂപ നാട്ടുകാർക്ക് ചെലവായി.
പുഴയോരം മാലിന്യമുക്തമാക്കി സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. ആവശ്യത്തിന് സ്ഥലമുള്ളതിനാൽ കുട്ടികൾക്കും മുതിർന്നവർക്കുമായി മിനി പാർക്ക് നിർമ്മിക്കണ് ആവശ്യം. ഇതോടൊപ്പം
കടവും തീരവും സംരക്ഷിക്കാൻ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.