
കൊച്ചി: ഇന്തോനേഷ്യ ആസ്ഥാനമായ ഇന്റർനാഷണൽ പെപ്പർ കമ്മ്യൂണിറ്റിയുടെ (ഐ.പി.സി) 2020ലെ മികച്ച കുരുമുളക് കർഷകനുള്ള അവാർഡ് കോതമംഗലം സ്വദേശി ജോമി മാത്യുവിന്. ഐ.പി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫിർനാ അമ്പൂറ ഏകപുത്രി മറസൂക്കിയാണ് ജക്കാർത്തയിൽ അവാർഡ് പ്രഖ്യാപിച്ചത്. ഐ.പി.സിയുടെ അടുത്ത സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള കുരുമുളക് ഉത്പാദക രാജ്യങ്ങളുടെ സംഘടനയാണ് ഐ.പി.സി.
പ്രമുഖ പ്ലാന്ററും കാർഷിക ഗവേഷകനുമായ ജോമി മാത്യു ഫ്രൂട്‌സ് വാലി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കൂടിയാണ്. കർണാടകയിലെ ശരാവതി റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റാണ്. ഷിമോഗയിലെ അദ്ദേഹത്തിന്റെ കുരുമുളക് തോട്ടം ബാഗൽകോട് കാർഷിക സർവകലാശാലയുടെ ഗവേഷണകേന്ദ്രം കൂടിയാണ്. കോതമംഗലം പോത്താനിക്കാട് ചെറുകാട്ട് സി.വി മത്തായിയുടെ മകനാണ്.