
മൂവാറ്റുപുഴ: കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന കിടപ്പു രോഗികൾക്ക് മരുന്നും സഹായവും എത്തിക്കുന്ന സ്നേഹ സജ്ജീവനി പദ്ധതിയുടെ ഭാഗമായി ആരോഗ്യ പരിശോധനയുമായി വിദ്യാർത്ഥികൾ വീടുകളിലേയ്ക്ക്. ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്. എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിലെ വോളന്റിയേഴ്സിന്റെ നേതൃത്വത്തിലാണ് കിടപ്പു രോഗികളുടെയും ആരോരുമില്ലാത്തവരുടെയും വീടുകളിൽ പോയി ആരോഗ്യ പരിശോധന നടത്തുന്നത്.
ആരോഗ്യ വകുപ്പിലെ എൻ.എച്ച്.എമ്മിന്റെയും നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് സെല്ലിന്റെയും നാഷണൽ റ്റുബോക്കോ കൺട്രോൾ പ്രോഗ്രാം സെല്ലിന്റെയും വി.എച്ച്. എസ് ഇ എൻ.എസ്.എസ് സ്റ്റേറ്റ് സെല്ലിന്റെയും സഹകരണത്തോടെ ഹെൽത്ത് റെസ്പോൺസ് കിറ്റ് വാങ്ങി. ഡിജിറ്റൽ ബി.പി അപ്പാരറ്റസ് , ഡിജിറ്റൽ ഗ്ലൂക്കോ മീറ്റർ , സ്ട്രിപ്പ് ലാൻസെറ്റ് തുടങ്ങിയ വയാണ് കിറ്റിലുള്ളത്.
ഓരോ വോളന്റിയേഴ്സും കുറഞ്ഞത് പത്ത് രോഗികളുടെ വീടുകൾ സന്ദർശിക്കുകയും അത്തരക്കാരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. നോൺ കമ്മ്യൂണിക്കബിൾ ഡിസീസിന്റെ വിവരങ്ങൾ അടുത്ത പ്രൈമറി ഹെൽത്ത് സെന്ററിൽ അറിയിക്കുകയും ചെയ്യും.
ലാബ് ടെക്നീഷ്യനായ സോണിയ ജോസിന്റെ നേതൃത്വത്തിൽ
വോളന്റിയേഴ്സിനും സെൻട്രൽ മാറാടി അംഗൻവാടിയിലെ അഡോളസെന്റ്സ് ഗേൾസ് ക്ലബായ വർണ്ണക്കൂട്ടിലെ അംഗങ്ങൾക്കും ഷുഗർ ,പ്രഷർ തുടങ്ങിയവ പരിശോധിക്കേണ്ട വിധം പരിശീലിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ റനിതഗോവിന്ദ്, സീനിയർ അസിസ്റ്റന്റ് ഡോ. അബിത രാമചന്ദ്രൻ , പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, റോണി മാത്യു, പൗലോസ് റ്റി, വിനോദ് ഇ ആർ, ശ്രീകല ജി, കൃഷ്ണണപ്രിയ, ജിസ ജോർജ്, ചിത്ര ആർ എസ്, സ്കൂൾ കൗൺസലർ ഹണി വർഗീസ്, അബിത എസ് പ്രദീപ്, ആൻ മരിയ , അഖില സൈബു തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ വീടുകളിലെത്തി പരിശോധന തുടങ്ങി.