maram

മൂവാറ്റുപുഴ: തൊടുപുഴയാറിന് കുറുകെ മൂവാറ്റുപുഴ ലതാപാലത്തിന് ഭീഷണിയായി വളർന്നു നിന്ന ആൽ മരം വെട്ടിമാറ്റി. പാലത്തിന് ഭീഷണിയാകുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് സി.എ.ടി എന്ന സന്നദ്ധ സംഘടന പ്രവർത്തകരാണ് മരം മുറിച്ചുമാറ്റിയത്. പാലത്തിന്റെ രണ്ട് പ്രധാന കൽതൂണുകളിലാണ് ആൽ വളർന്നത്. പാലത്തിനൊപ്പം ആൽമരവും വളർന്ന നിലയിലായിരുന്നു. മരം കൂടുതൽ വളർന്നാൽ പാലത്തിന് ബലക്ഷയം സംഭവിച്ചേക്കാവുന്ന അവസ്ഥയിലായിരുന്നു. ശക്തമായ ഒഴുക്കുള്ള തൊടുപുഴയാറിൽ മൂവാറ്റുപുഴ-തൊടുപുഴ റോഡിന് കുറുകെ വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ് പാലം.

2018-ലെ മഹാപ്രളത്തിൽ ഒഴുകിയെത്തിയ കൂറ്റൻ മരം പാലത്തിന്റെ കൽകെട്ടിൽ പതിച്ച് നിരവധി കാലം കുരുങ്ങി കിടന്നിരുന്നു. ബന്ധപ്പെട്ട വകുപ്പ് മേധാവികളെ വിഷയം പ്രദേശവാസികൾ ധരിപ്പിച്ചെങ്കിലും മരം നീക്കം ചെയ്യാൻ സംവിധാനമില്ലാത്തതിനാൽ കൈമലർത്തുകയായിരുന്നു. പിന്നീട് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ക്രെയിൻ അടയ്ക്കമുള്ള യന്ത്രസാമഗ്രികളുടെ സഹായത്തോടെ ദിവസങ്ങൾ നീണ്ടുനിന്ന കഠിനാധ്വാനത്താലാണ് നീക്കം ചെയ്തത്.

സി.എ.ടി എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകരായ മനോജ്.കെ.വി, രഞ്ജിത്ത്.പി.ആർ, നിധിൻ.എസ്.നായർ, നവാസ്.എം.എസ്, എം.ജെ.ഷാജി, അജീഷ്.കെ.എസ്, ബിലാൽ.പി.ബഷീർ, റെജിൻ.പി.ആർ, വിഷ്ണു. എ.ജെ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പാലത്തിൽ വളർന്ന് നിൽക്കുന്ന മരം വെട്ടി മാറ്റിയത്.