
 പ്രതീക്ഷയോടെ ക്രൈം ബ്രാഞ്ച്
കൊച്ചി: നടൻ ദിലീപടക്കം വധഗൂഢാലോചനക്കേസിലെ നാല് പ്രതികൾ ഉപയോഗിച്ചിരുന്ന ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ 'മാഡ'ത്തിന്റെ വിളികളും തെളിഞ്ഞേക്കുമെന്ന പ്രതീക്ഷയിൽ ക്രൈം ബ്രാഞ്ച്. ഫോൺ തിരിമറിക്ക് പിന്നിൽ നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ പുറത്ത് വരാതിരിക്കാനുള്ള ശ്രമമായിരുന്നെന്നാണ് നിഗമനം.
ഗൂഢാലോചന നടന്ന ദിവസം ദിലീപിന്റെ വീട്ടിലെത്തിയ സിനിമാ നടിയെ വീട്ടിലെത്തി ചോദ്യം ചെയ്യും. ദിലീപ് ജയിലിൽ കഴിയവേ സന്ദർശിച്ചവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഒരു നടനൊപ്പം തിരുവനന്തപുരം വിതുര സ്വദേശിയായ രാഷ്ട്രീയ നേതാവ് ദിലീപിനെ സന്ദർശിച്ചെന്നും ഇയാളുമായി ദിലീപ് പണമിടപാട് കാര്യങ്ങൾ സംസാരിച്ചെന്നും ഈസമയം സ്ഥലത്തുണ്ടായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.
വിളികളിൽ
പരിശോധന
ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകളിൽ ചിലത് പ്രതികൾ 2017-18 കാലത്ത് ഉപയോഗിച്ചവയാണ്. നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ഈ ഫോണുകൾ ഉപയോഗിച്ചെന്നാണ് വിലയിരുത്തൽ. രണ്ട് സിമ്മുകൾ മാത്രമാണ് തനിക്കുള്ളതെന്നാണ് ദിലീപിന്റെ മൊഴി. ഫോണുകൾ ലഭിച്ചാൽ മറ്റ് സിം കാർഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരൻ അനൂപിന്റെ രണ്ട് ഫോണുകളും സഹോദരീ ഭർത്താവ് ടി.എൻ. സുരാജിന്റെ ഒരു ഫോണും കൈമാറാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. നാല് ഫോണുകൾ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. ദിലീപിന്റെ കൈവശം ഏഴ് ഫോണുകൾ മാത്രമാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് അനുമാനം.
ഫോണുകൾ
കൈമാറും
ദിലീപ് ക്രൈം ബ്രാഞ്ചിന് കൈമാറാതിരുന്ന സ്‌മാർട്ട് ഫോണുകൾ ഇന്ന് 10.15 ഓടെ അഭിഭാഷൻ മുഖേന ഹൈക്കോടതി രജിസ്ട്രാർക്ക് സീൽ വച്ച ബോക്സിൽ കൈമാറും. മുംബയിലെ സ്വകാര്യ ഫോറൻസിക് ലാബിലേക്ക് അയച്ച ദിലീപിന്റെ രണ്ട് ഫോണുകൾ ഇതിലുൾപ്പെടും. ഫോണുകൾ കോടതി മുഖേന ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. തിരുവനന്തപുരം റീജിയണൽ ഫോറൻസിക് ലാബിലായിരിക്കും പരിശോധന. . ദിലീപിന്റെയും മറ്റും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ബുധനാഴ്ച ഫോണുകളിൽ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങൾ കോടതിക്ക് കൈമാറി ജാമ്യത്തെ എതിർക്കാനാണ് നീക്കം.