 
കൊച്ചി: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് ഗാന്ധിദർശൻവേദി തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും മഹാത്മജി അനുസ്മരണവും നടത്തി. കാക്കനാട് മുനിസിപ്പൽ പാർക്കിൽ നടന്ന പരിപാടി സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ സി.കെ. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ഉണ്ണി കാക്കനാട്, സി.സി വിജു, ഐ.ടി സെൽ ചീഫ് കോ-ഓർഡിനേറ്റർ മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ ,ടി.എസ് രാധാമണി, സിന്റോ എഴുമാന്തുരുത്തിൽ, ജോസഫ് ഫൈസൺ എന്നിവർ പങ്കെടുത്തു.
 ഡി.സി.സിയിൽ
കൊച്ചി: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം എറണാകുളം ഡി.സി.സി. ഓഫീസിൽ വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു. മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. അധികാരത്തിന് വേണ്ടി വർഗീയ ശക്തികൾക്ക് കരുത്ത് പകരുന്ന നിലപാടാണ് ബി.ജെ.പി. യും സി.പി. എമ്മും സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പച്ചയ്ക്ക് വർഗീയത പറയുന്ന സ്ഥിതിയിലേക്ക് കേരളത്തിലെ സി.പി.എം. നേതാക്കൾ മാറി. ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയെയും ഒരുപോലെ ഇവർ പ്രോത്സാഹിപ്പിക്കുകയാണ്. ഭരണഘടനയെ പോലും അസ്ഥിരപ്പെടുത്തുന്ന നടപടികളാണ് സി.പി.എം. സ്വീകരിക്കുന്നത്. ബി.ജെ.പി. യുടെ യഥാർത്ഥ മുഖമാണ് പിണറായി വിജയനിലൂടെ പുറത്ത് വരുന്നത്. ഇരുപാർട്ടികളും ഭരണഘടനയെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുകയാണെന്നും കെ.വി. തോമസ് പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്, ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, കെ.പി. ധനപാലൻ, ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയവർ പങ്കെടുത്തു.