പെരുമ്പാവൂർ : 40 ഏക്കറോളം വരുന്ന കുറിച്ചിലക്കോട് കോരമംഗലം പാടശേഖരത്തിൽ 20 വർഷത്തെ കാത്തിരിപ്പിന് ശേഷം വേനൽക്കാലത്ത് വെള്ളമെത്തി. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി 20 ലക്ഷം രൂപ മുടക്കിയാണ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലൂടെ കോരമംഗലം പാടത്ത് വെള്ളമെത്തിച്ചത്. ജനുവരി മാസമാകുമ്പോഴേക്കും പടശേഖരത്തിൽ വെള്ളം ഇല്ലാതാകുന്ന സാഹചര്യം എല്ലാ വർഷവും ഉണ്ടാകുന്നതുമൂലം വേനൽക്കാലത്ത് ഇവിടെ കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമായിരുന്നു.
ഈ പാടത്ത് വെള്ളം എത്തിയതോടെ വർഷത്തിൽ 3 പ്രാവശ്യം കൃഷിയിറക്കാനുള്ള സാഹചര്യം ഉണ്ടായിരിക്കുകയാണ്. 20 വർഷം മുമ്പ് ഇവിടെ വെള്ളം എത്തിക്കുന്നതിന് വേണ്ടി ആരംഭിച്ച ജലസേചന പദ്ധതി പാതിവഴിയിൽ നിലച്ചുപോയതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ജില്ലാ പഞ്ചായത്ത് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നടപ്പിലാക്കുവാൻ തീരുമാനിച്ചത്. പ്ലാങ്കുടി തോടിന് സമീപം മോട്ടോർപുര സ്ഥാപിക്കുകയും 25 എച്ച്.പിയുടെ മോട്ടോർ സ്ഥാപിക്കുകയും ഒരു കിലോമീറ്റർ പൈപ്പ് ലൈനുകൾ സ്ഥാപിച്ചുമാണ് പാടശേഖരത്തിന്റെ മദ്ധ്യഭാഗത്ത് വെള്ളം ഇപ്പോൾ എത്തിച്ചത്. ഈ പാടത്ത് വെള്ളം എത്തിയതോടു കൂടി സമീപത്തുള്ള ഒട്ടേറെ കിണറുകളിൽ ജലവിതാനം ഉയർന്നതോടുകൂടി കുടിവെള്ള ക്ഷാമത്തിനും പരിഹാരം ഉണ്ടായിരിക്കുകയാണ്.
പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ സിന്ധു അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സന്ധ്യ രാജേഷ്, ബിന്ദു കൃഷ്ണകുമാർ, ബിനു മാതംപറമ്പിൽ, എൽദോപാത്തിക്കൽ ശിവൻ കളപ്പറ, ബിജു വേഴപ്പിള്ളി, രാധാകൃഷ്ണൻ കുഴുപ്പിള്ളിൽ, എം.കെ രാജൻ, മനു ഞാറമ്പിളളി തുടങ്ങിയവർ പങ്കെടുത്തു.