പെരുമ്പാവൂർ : ജലസേചന സൗകര്യമില്ലാത്തതിനാൽ കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂർ പ്രദേശത്ത് കാർഷിക വിളകൾ ഉണങ്ങി നശിക്കുന്നു. ചേരാനല്ലൂർ മൈനർ ഇറിഗേഷന്റെ പ്രവർത്തനം ഭാഗികമായതാണ് കാരണം. ചേരാനല്ലൂർ മൈനർ ഇറിഗേഷൻ പമ്പ്ഹൗസിൽ 1950-ൽ സ്ഥാപിച്ച 75 എച്ച്.പി.യുടെ രണ്ട് മോട്ടോറുകളാണുളളത്. ഇവ രണ്ടും പ്രവർത്തിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല. മോട്ടോറിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം ചെയ്യാത്തതാണ് കാരണമെന്ന് പറയുന്നു.
20 വർഷം മുൻപ് സ്ഥാപിച്ച മറ്റൊരു മോട്ടോർ ഉണ്ടെങ്കിലും അത് പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളിൽ പത്ത് കി. മീറ്റർ ദൂരം വരുന്ന കനാലുകളുടെ എല്ലാ ഭാഗത്തും വെള്ളം എത്തുന്ന വിധത്തിൽ ഒന്നര കോടിയോളം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയതാണ്. ഇനി സ്പൗട്ടുകളും കൈത്തോടുകളും മാത്രമാണ് നന്നാക്കാനുള്ളത്. കൂവപ്പടി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിൽപ്പെട്ട ചേരാനല്ലൂർ, മങ്കുഴി, തോട്ടുവ, നടുത്തുരുത്ത്, ഓച്ചന്തുരുത്ത്, ഒക്കൽ പഞ്ചായത്തിലെ നടുപ്പള്ളിത്തോട് എന്നീ പ്രദേശങ്ങളിലായി ആയിരം ഏക്കർ സ്ഥലത്തെ തെങ്ങ്, ഏത്തവാഴ, ജാതി, പച്ചക്കറികൾ എന്നിവയും 500 ഏക്കറോളം നെൽകൃഷിയും പദ്ധതിയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
യഥാസമയങ്ങളിൽ മോട്ടോറുകൾ അറ്റകുറ്റപ്പണി നടത്തുകയും സബ്സ്റ്റേഷൻ സ്ഥാപിച്ച് മൂന്ന് മോട്ടോറുകളും ഒരേ സമയം പ്രവർത്തിച്ച് കാർഷിക മേഖലയായ പ്രദേശത്തെ കൃഷിയും കൂടിവെള്ളവും ജൈവവൈവിധ്യങ്ങളും സംരക്ഷിക്കുകയും വേണമെന്ന് ന്യൂനപക്ഷ മോർച്ച കൂവപ്പടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം ന്യൂനപക്ഷ മോർച്ച പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് ദേവച്ചൻ പടയാട്ടിൽ ഉദ്ഘാടനം ചെയ്തു. കൂവപ്പടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോമോൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. അവറാച്ചൻ ആലുക്ക, ഷിജൻ ജോസഫ്, ജോബി സാലസ്, തോമസ് ചിറ്റുപറമ്പിൽ, ബിജു ആറ്റുപുറം, വിനോദ് ജോസഫ്, മാർട്ടിൻ വർക്കി, കുര്യാക്കോസ് ആറ്റുപുറം എന്നിവർ സംസാരിച്ചു.