
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാല് വർഷം മുമ്പ് താൻ പറഞ്ഞതാണ് ഇപ്പോഴത്തെ പ്രതികരണമെന്ന നിലയിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതെന്ന് നടനും സംവിധായകനുമായ ലാൽ. നാലു വർഷമായി കേസിൽ താൻ പ്രതികരിച്ചിട്ടില്ല. സംസാരിക്കുന്ന ദൃശ്യമില്ലാതെ, ശബ്ദം മാത്രമാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇതു കേൾക്കുന്ന പലരും അസഭ്യവർഷം ചൊരിയുകയാണ്. ഫേസ്ബുക്കിലൂടെയാണ് ലാലിന്റെ പ്രതികരണം.
ആരാണ് കുറ്റക്കാരൻ, ആരാണ് നിരപരാധിയെന്നൊക്കെ വേർതിരിച്ചെടുക്കാൻ ഇവിടെ പൊലീസുണ്ട്, നിയമമുണ്ട്, കോടതിയുണ്ട്. അവരുടെ ജോലി അവർ ചെയ്യട്ടെ. നിങ്ങളെപ്പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്. അതൊന്നും മറ്റുള്ളവരിൽ കെട്ടിയേല്പിക്കാനുള്ളതല്ല. യഥാർത്ഥ കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടട്ടെയെന്നും ഇരയ്ക്ക് നീതി ലഭിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.