
കൊച്ചി: എറണാകുളത്തിന്റെ കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ ഇനി തിരുവനന്തപുരത്തിന് സ്വന്തം. എറണാകുളം- തിരുവനന്തപും റൂട്ടിൽ ഓടിയിരുന്ന മൂന്ന് വൈദ്യുത ബസുകളാണ് തിരുവനന്തപുരത്ത് സർവീസ് നടത്തുന്നതിനായി കൈമാറിയത്. അഞ്ചു വൈദ്യുത ബസുകളായിരുന്നു എറണാകുളം ഡിപ്പോയിൽ ഉണ്ടായിരുന്നത്. അഞ്ചുബസുകളും എറണാകുളത്ത് നിന്ന് യാത്ര പുറപ്പെട്ട് ഹരിപ്പാട് എത്തി ചാർജ് ചെയ്ത് തിരുവനന്തപുരത്തേക്ക് യാത്ര തുടരുന്ന രീതിയിലായിരുന്നു സർവീസ്. 2018-19 കാലഘട്ടത്തിലാണ് ബസ് സർവീസ് ആരംഭിച്ചത്. അധികനാൾ കഴിയും മുമ്പ് കൊവിഡ് എത്തിയതോടെ ബസിന്റെ വരുമാനം കുറഞ്ഞു. ബസുകൾ ഷെഡ്ഡിൽ കയറ്റി. പിന്നീട് സർവീസ് നടത്തിയെങ്കിലും കാര്യമായ വരുമാനം ലഭിച്ചതുമില്ല. തുടർന്ന് രണ്ട് ബസുകൾ നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്ക് ആലുവയിൽ നിന്ന് ഫീഡർ സർവീസിനായി മെട്രോ റെയിലിന് കൈമാറി. ബാക്കി മൂന്ന് ബസുകളാണ് തിരുവനന്തപുരത്തിന് നൽകിയത്. ഈ ബസുകൾ തിരുവനന്തപുരം സിറ്റിക്കുള്ളിലാണ് സർവീസ് നടത്തുന്നത്.
 നഷ്ടങ്ങളുടെ ബസോട്ടം
കന്നി ഓട്ടത്തിൽ തന്നെ ചാർജ് തീർന്ന് വഴിയിൽ കിടന്ന ചരിത്രവുമായാണ് എറണാകുളം- തിരുവനന്തപുരം ബസ് സർവീസ് ആരംഭിച്ചത്. വലിയ നഷ്ടത്തിലാണ് ബസ് സർവീസ് നടത്തുന്നതെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഒരു ബസിന് 7,146 രൂപ നഷ്ടത്തിലാണ് പ്രതിദിനം സർവീസ് ഓപ്പറേറ്റ് ചെയ്തിരുന്നത്. തിരുവനന്തപുരം-എറണാകുളം സർവീസ് നടത്തുന്നതിന് ബസുകൾ നൽകിയ സ്വകാര്യ കമ്പനിക്ക് പ്രതിദിന വാടക ഇനത്തിൽ 19,008 രൂപയാണ് നൽകേണ്ടിയിരുന്നത്. ഒരു വർഷം വാടക ഇനത്തിൽ നൽകേണ്ടത് 66.52 ലക്ഷം രൂപ. കെ.എസ്.ആർ.ടി.സിക്ക് ഒരു ബസിൽനിന്ന് ലഭിക്കുന്ന ശരാശരി വരുമാനം കിലോമീറ്ററിന് 30 രൂപയാണ്. ഇത് 50 രൂപയായാൽ മാത്രമേ നഷ്ടം ഒഴിവാക്കി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളായിരുന്നു. ഇതിനിടയിലാണ് കൊവിഡ് വന്നതും ബസ് ഷെഡ്ഡിൽ കയറ്റിയതും.
 7,146 രൂപ
സർവീസ് നടത്തിയിരുന്നത് ഒരു ബസിന് 7,146 രൂപ നഷ്ടത്തിൽ