
കോലഞ്ചേരി: കടകളിൽ മാങ്ങയുടെ ചില്ലറ വിൽപ്പനവില കിലോയ്ക്ക് 165 രൂപയായി. അടുത്തകാലത്തെങ്ങും മാങ്ങാവില ഇത്രയും ഉയരത്തിൽ എത്തിയിട്ടില്ല. മാങ്ങയുടെ സീസൺ തുടങ്ങുന്ന സമയമാണിത്. എന്നാൽ മാവുകൾ പൂവിട്ട് കണ്ണിമാങ്ങ പിടിച്ചുവരുന്നതേയുള്ളൂ. അതും കുറച്ചു മാത്രം. അതോടെ വിപണിയിൽ മാങ്ങാവില റോക്കറ്റിലേറി. ചക്കയുടെയും മാങ്ങയുടെയും സീസൺ തുടങ്ങിയാൽ നാടൻ അടുക്കളകളിൽ മാങ്ങാവിഭവങ്ങൾ നിറയുന്ന സമയമാണിത്. എന്നാൽ നാട്ടിൻപുറത്തുകാരുടെ പ്രിയ വിഭവങ്ങൾ തീൻ മേശയിലെത്തിക്കാൻ ഇത്തവണ വലിയ വില കൊടുക്കേണ്ടി വരും. ചക്കവില കിലോയ്ക്ക് 30 ൽ തുടരുമ്പോൾ മുരിങ്ങക്കോൽ കിലോ 300 ൽ തന്നെയാണ്. ചക്കക്കുരുവും മാങ്ങയും മുരിങ്ങക്കോലും ചേർത്തുണ്ടാക്കുന്ന കറികളാണ് പച്ചക്കറി വില ഉയരുമ്പോൾ അടുക്കളകളെ പിടിച്ചു നിർത്തിയിരുന്നത്. എന്നാൽ ഇക്കുറി കാര്യങ്ങൾ പാടെ തകിടം മറിയും. മാവുകൾ പൂവിട്ട കാലത്തുണ്ടായ അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനമാണ് മാങ്ങാക്കാലത്തിന് തിരിച്ചടിയായത്. ഡിസംബർ അവസാനം വരെ പെയ്ത കനത്ത മഴയാണ് കണക്കുകൂട്ടലുകൾ തെറ്റിച്ചത്. ജനുവരിയിൽ തുടങ്ങിയ കനത്ത ചൂട് പൂവിട്ട മാവുകളിലെ പൂക്കൾ പൊഴിയാനും ഇടയാക്കി. ഇതോടെ ഈ വർഷം മാങ്ങ കിട്ടാക്കനിയാകും. വില ഇനിയും ഉയരുമെന്ന് ചുരുക്കം.