
കൊച്ചി/അങ്കമാലി: നടൻ ദിലീപിന്റെ ഐ ഫോൺ സർവീസ് ചെയ്തു നൽകിയ തൃശൂർ കോടാലി സ്വദേശി സലീഷിന്റെ (42) അപകടമരണത്തിൽ വിശദമായ അന്വേഷണത്തിന് തയ്യാറെടുത്ത് ക്രൈംബ്രാഞ്ച്. ദിലീപിനെ മൊബൈലിന്റെ സാങ്കേതികകാര്യങ്ങളിൽ സഹായിച്ചിരുന്ന ആളാണ് എറണാകുളം പെന്റാ മേനകയിൽ ഐ ഫോണുകൾ മാത്രം സർവീസ് ചെയ്തിരുന്ന സലീഷ്. ഇയാൾ ഓടിച്ചിരുന്ന കാർ 2020 ആഗസ്റ്റ് 30ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് അങ്കമാലി ടെൽക്കിന് സമീപമുള്ള റയിൽവേ മേൽപ്പാലത്തിലെ കൈവരിയിൽ ഇടിച്ചുകയറിയായിരുന്നു അപകടം. സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സലീഷിന്റെ സഹോദരൻ ശിവദാസ് വെട്ടിയാട്ടിൽ ഇന്നലെ അങ്കമാലി പൊലീസിന് പരാതി നൽകി. നാട്ടിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും സംശയങ്ങൾ ഉയരുന്നുണ്ടെന്നും നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നുമാണ് അപേക്ഷ. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് സംവിധായകരായ ബാലചന്ദ്രകുമാറും ബൈജു കൊട്ടാരക്കരയും വെളിപ്പെടുത്തിയിരുന്നു.
അപകടം നടന്ന ദിവസം സലീഷ് ആരെയെല്ലാം കണ്ടു, എവിടെയെല്ലാം പോയി, ഫോൺ കാളുകൾ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക. ദിലീപിൽ നിന്നും ആവശ്യമെങ്കിൽ വിവരങ്ങൾ തേടും. സലീഷ് ഉറങ്ങിപ്പോയതിനാൽ സംഭവിച്ച അപകടമെന്ന നിലയിൽ ലോക്കൽ പൊലീസ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടരന്വേഷണ സാദ്ധ്യത പരിശോധിക്കാൻ പൊലീസ് നിയമോപദേശം തേടി.
സലീഷിനെ താനാണ് ദിലീപിന് പരിചയപ്പെടുത്തിയതെന്നാണ് ബാലചന്ദ്രകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. സലീഷിന്റെ സ്ഥാപനത്തിൽ ദിലീപിന്റെ ഐ ഫോൺ സർവീസ് ചെയ്തിരുന്നു. ദിലീപിന്റെ ഒരു ഐ ഫോൺ അമേരിക്കയിൽ എത്തിച്ച് ചില വിവരങ്ങൾ വീണ്ടെടുത്ത് നൽകിയ ശേഷം ഇരുവരും കൂടുതൽ അടുത്തു.
അപകടത്തിന് മൂന്ന് ദിവസം മുമ്പ് സലീഷ് തന്നെ വിളിച്ചിരുന്നെന്നും ദിലീപിനെക്കുറിച്ച് സംസാരിച്ചിരുന്നെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. സലീഷിന്റെ കാറിനടുത്തു കൂടി അമിതവേഗത്തിൽ പാഞ്ഞുപോയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.