മൂവാറ്റുപുഴ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ മൂവാറ്റുപുഴ ജനറൽ ആശുപത്രി​യി​ൽ അടിയന്തരമായി കൊവിഡ് കെയർ സെന്റർ തുറന്ന് പ്രവർത്തിപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംസ്ഥാന കൊവിഡ് റിവ്യൂ മീറ്റിംഗിൽ ജനറൽ ആശുപത്രിയിൽ കി​ടക്കകളുടെ എണ്ണക്കുറവ് മാത്യു കുഴൽനാടൻ എം.എൽ.എ ചൂണ്ടിക്കാട്ടിയി​രുന്നു. മന്ത്രി​ പി. രാജീവ് കൂടി പങ്കെടുത്ത യോഗത്തിലാണ് ഉടനെ അറ്റകുറ്റപ്പണി പൂർത്തിയാക്കി 50 കി​ടക്കകളുള്ള കൊവിഡ് സെന്ററിന്റെ പ്രവർത്തനം തുടങ്ങണമെന്ന നിർദ്ദേശം മന്ത്രി നൽകിയത്.

മുനിസിപ്പൽ പേവാർഡ് കോംപ്ലക്സിലെ ഡ്രൈനേജ് ബ്ലോക്കായതോടെ പേവാർഡിൽ പ്രവർത്തിച്ചിരുന്ന കൊവിഡ് സെന്റർ അടച്ചുപൂട്ടുകയായിരുന്നു. നിലവിൽ 15 കി​ടക്കകൾ മാത്രമാണ് ഇവി​ടെയുള്ളത്. പേവാർഡിലെ കൊവിഡ് കെയർ സെന്ററിൽ ഓക്സിജൻ ലൈനുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ട് മാസങ്ങളായിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ .കൊവിഡ് സെന്റർ തുറക്കുന്നതിന് പലവട്ടം നിർദ്ദേശം നൽകിയെങ്കിലും അധികൃതർ തയ്യാറായിരുന്നി​ല്ല. വ്യാഴാഴ്ച കൊവിഡ് കെയർ സെന്റർ തുറക്കുമെന്ന് എം.എൽ.എ അറിയിച്ചു.