തൃക്കാക്കര: തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിനുള്ള കച്ചമുറുക്കി മുന്നണികൾ. പി.ടി.തോമസിന്റെ മരണത്തെ തുടർന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുക പതിവിന് വിരുദ്ധമായി സംസ്ഥാന നേതാക്കളാണ്. യു.ഡി.എഫിന്റെ ഉരുക്ക് കോട്ടയാണെങ്കിലും എൽ.ഡി.എഫും എൻ.ഡി.എയും മുൻകൂട്ടി അണിയറ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
തിരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയിട്ടില്ലെങ്കിലും മൂന്നുമുന്നണികളും ആത്മവിശ്വാസത്തിലാണ്. ബൂത്ത് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇടതുമുന്നണി ഓരോ ബൂത്ത് കമ്മിറ്റിയംഗത്തിനും നിശ്ചിത വീടുകൾ ക്രമീകരിച്ചാണ് രംഗത്തുള്ളത്. മതിൽ ബുക്ക് ചെയ്യലും വെള്ളപൂശലും പൂർത്തിയായി. വോട്ടർ പട്ടികയിൽ പുതിയ വോട്ടർമാരെ ചേർക്കുന്ന തിരക്കിലാണ് ഇപ്പോൾ മൂന്നു കൂട്ടരും. കഴിഞ്ഞതവണ ശക്തമായ മത്സരം കാഴ്ചവച്ച ട്വന്റി 20യാകട്ടെ സജീവമായിട്ടുമില്ല.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി തുടക്കം മുതലേ ഉയർന്ന് കേൾക്കുന്ന പേര് പി.ടി തോമസിന്റെ ഭാര്യ ഉമ തോമസിന്റെതാണ്. കുന്നത്തുനാട് മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ജെബി മേത്തർ എന്നീ പേരുകളും പ്രവർത്തകർ സൂചിപ്പിക്കുന്നുണ്ട്.
തൃപ്പുണിത്തുറ മുൻ എം.എൽ.എ എം.സ്വരാജ്, പി.ടിക്ക് മുന്നിൽ അടിയറവ് പറഞ്ഞ ഡോ.ജെ.ജേക്കബ്, ജോർജ് ഫെർണാണ്ടസ് തുടങ്ങിയവരാണ് എൽ.ഡി.എഫിന്റെ ഉൗഹാപോഹങ്ങളിൽ. കഴിഞ്ഞ തവണത്തെ
ബി.ജെ.പി സ്ഥാനാർത്ഥി എസ്.സജി ഇക്കുറിയും എൻ.ഡി.എ സ്ഥാനാർത്ഥിയായേക്കും. സംസ്ഥാന സമിതി അംഗം സി.വി സജിനി, പദ്മജ എസ്.മേനോൻ എന്നീ പേരുകളും ചർച്ചകളിലുണ്ട്. ട്വന്റി 20 മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
സംസ്ഥാന നേതാക്കൾക്ക് ചുമതല
സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന മത്സരമായതിനാൽ മൂന്ന് മുന്നണികളുടെയും സംസ്ഥാന നേതാക്കളുടെ നിയന്ത്രണത്തിലാവും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. മന്ത്രിമാർ ഇടതുമുന്നണിക്കായി രംഗത്തിറങ്ങും. ജില്ലയിലെ മന്ത്രിയെന്ന നിലയിൽ പി.രാജീവ് മുഴുവൻ സമയവും മണ്ഡലത്തിലുണ്ടാകുമെന്നാണ് സൂചന. കുടുംബയോഗത്തിലുൾപ്പടെ മന്ത്രിമാർ പങ്കെടുക്കും. യു.ഡി.എഫിനായി പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി സതീശൻ നേരിട്ട് തന്നെ പട നയിച്ചേക്കും. രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളും പ്രചാരണത്തിനുണ്ടാകും.
ബി.ജെ.പിക്ക് ഇക്കുറി തൃക്കാക്കരയിൽ രണ്ട് മണ്ഡലം കമ്മിറ്റികളുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യന്റെ നേതൃത്വത്തിലാകും പോരാട്ടം. തൃക്കാക്കര, പാലാരിവട്ടം മണ്ഡലം കമ്മിറ്റികളായി പ്രവർത്തനം ഊർജിതമാണ്. പുതിയ പ്രവർത്തകരുടെ വരവും നേതൃത്വത്തിന് ഏറെ ഊർജം പകരുന്നുണ്ട്.