
കൊച്ചി: ഇ- പോസ് മെഷീനിൽ തുടർച്ചയായി തകരാർ നേരിട്ട ജനുവരി മാസത്തിൽ ജില്ലയിലെ റേഷൻ വിതരണത്തിൽ കുറവ്. ജില്ലയിൽ ഇതുവരെ 73 ശതമാനം പേരാണ് റേഷൻ വാങ്ങിയത്. കഴിഞ്ഞ മാസം ഇത് 85ശതമാനമായിരുന്നു. റേഷൻ വിതരണത്തിൽ 10 ശതമാനത്തിലേറെ കുറവ് രേഖപ്പെടുത്തി.
തകരാർ പരിഹരിച്ച ശേഷം ഇപ്പോൾ വിതരണം സാധാരണ നിലയിലായെന്നാണ് അധികൃതരുടെ വിശദീകരണം.
ജില്ലയിലാകെ 8,91,738 കാർഡുകളാണ് ഉള്ളത്. ഇതിൽ 6,50,528 പേരാണ് റേഷൻ വാങ്ങിയത്. മെഷീൻ തകരാർ ഉണ്ടായിരുന്ന ദിവസങ്ങളിൽ പലവട്ടം റേഷൻ വാങ്ങാനെത്തിയിട്ടും ലഭിക്കാതെ മടങ്ങിയവരാണ് ഒടുവിൽ ഈ മാസത്തെ റേഷൻ വേണ്ടെന്ന് വെച്ചവരിലേറെയും.
ജനുവരിയിൽ മാത്രം രണ്ട് തവണയായി ഏഴ് ദിവസമാണ് ജില്ലയിൽ പൂർണമായോ ഭാഗികമായോ റേഷൻ വിതരണം തടസപ്പെട്ടത്. നാല് ദിവസം പലയിടത്തും ഒരാൾക്ക് പോലും റേഷൻ നൽകാനായില്ല. ഫെബ്രുവരിയിൽ റേഷൻ വിതരണം സാധാരണ നിലയിലെത്തുമെന്ന പ്രതീക്ഷയിലാണ് വിതരണക്കാർ.
അതേസമയം, റേഷൻ വിഹിതം പുനഃക്രമീകരിച്ചതുമായി ബന്ധപ്പെട്ട അവ്യക്തതകൾ നീങ്ങിയെന്ന് അധികൃതർ അറിയിച്ചു.
നടന്നുതേഞ്ഞു, ഒടുവിൽ വേണ്ടെന്നുവച്ചു
ജില്ലയിലാകെയുള്ളത് 8,91,738 കാർഡുകൾ
ജനുവരിയിൽ റേഷൻവാങ്ങിയത് : 6,50,528 പേർ
റേഷൻ വിതരണം ഇപ്പോൾ സാധാരണ നിലയിലാണ് . ഫെബ്രുവരിയിൽ കൂടുതൽ പേർക്ക് വിതരണം ചെയ്യാനാകും
പി.കെ.ജയചന്ദ്രൻ
ജില്ലാ സപ്ലൈ ഓഫീസർ
പലതവണ റേഷൻ വാങ്ങാനെത്തിയിട്ടും ലഭിക്കാതെ മടങ്ങിയവർ ഏറെയാണ്. അടുത്ത മാസം കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷ. വിതരണത്തിന്റെ തീയതി നീട്ടിയിരുന്നെങ്കിൽ കുറേക്കൂടി ആളുകൾ എത്തിയേനേ
രാമകൃഷ്ണൻ
റേഷൻ വ്യാപാരി